സാക്ഷിയെ പ്രതിയാക്കുന്ന പൊലീസ് രീതി എക്സൈസും പഠിച്ചോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: സാക്ഷികളെ പ്രതിയാക്കുന്ന കേരള പൊലീസിെൻറ രീതി എക്സൈസും പഠിച്ചോയെന്ന് ഹൈകോടതി. നീതിയും നിയമവും നോക്കാതെ തോന്നുംപോലെയാണോ എക്സൈസ് ഒാരോന്ന് ചെയ്യുന്നതെന്നും സിംഗിൾബെഞ്ച് ആരാഞ്ഞു. വയോധികയെ അബ്കാരി കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട ഹരജിയിൽ േകാടതി നിർദേശ പ്രകാരം നേരിട്ട് ഹാജരായ കായംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. പ്രമോദിനോടായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.
ഒന്നാം പ്രതിയുടെ വ്യക്തി വൈരാഗ്യം തീർക്കാൻ തന്നെക്കൂടി കേസിൽ പ്രതിയാക്കി മനപ്പൂർവം ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കായംകുളം കീരിക്കാട് സ്വദേശിനി രാധാമണി(62) നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസി തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ഇവരുടെ വാദം എക്സൈസും മുഖവിലയ്ക്കെടുത്തിരുന്നു. കുറ്റപത്രത്തിൽ ഇവരെ കുടുക്കിയതാണെന്ന് പറയുന്നുണ്ടെങ്കിലും പരമാവധി ശിക്ഷ നൽകാനും നിർദേശിക്കുന്നുണ്ട്. പരസ്പര വിരുദ്ധമായ ഈ കുറ്റപത്രം പരിഗണിച്ചാണ് എക്സൈസ് ഇൻസ്പെക്ടറോട് നേരിട്ട് ഹാജരാകാൻ ജൂലൈ 24 ന് കോടതി നിർദേശിച്ചത്.
തെറ്റുപറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും ബുധനാഴ്ച ഹാജരായ ഉദ്യോഗസ്ഥൻ കോടതിക്ക് ഉറപ്പുനൽകി. എന്നാൽ, കുറ്റപത്രത്തിന് അംഗീകാരം നൽകിയ ഉദ്യോഗസ്ഥനാരെന്ന് കോടതി ആരാഞ്ഞു. വാക്കാലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആരാണ് ഇതിനുപിന്നിലെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥർ സർവിസിൽ തുടരരുതെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.
തുടർന്ന് കുറ്റപത്രം അംഗീകരിച്ചതാരാണെന്ന് വാക്കാലോ രേഖാമൂലമോ വ്യക്തമാക്കാൻ ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചു. അതിന് സമയവും അനുവദിച്ചു. കുറ്റപത്രം പരിശോധിച്ച് ഹരജിക്കാരി കുറ്റക്കാരിയാണോ എന്നു വിലയിരുത്തി അറിയിക്കാൻ സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ട കോടതി ഹരജി ആഗസ്റ്റ് 20ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
