ജ്ഞാന മനുഷ്യന്റെ രത്നം
text_fieldssanu
തിരു-കൊച്ചി മന്ത്രിയും ചിത്തിരതിരുനാൾ ബാലരാമ വർമയുടെ ആരാധകനുമായിരുന്ന വൈക്കം വി. മാധവന്റെ മകൾ രത്നമ്മ ഒരിക്കലും മറക്കാത്ത ഒരു വിവാഹ സമ്മാനമുണ്ട്. മാധവൻ വക്കീലിന്റെ മകളുടെ വിവാഹമാണെന്ന് അറിഞ്ഞ് മഹാരാജാവ് അവളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ‘‘അച്ഛന്റെ കൂടെ കാറിലാണ് അവിടെയെത്തിയത്. മഹാരാജാവും അമ്മ മഹാറാണിയും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു. ഏറെ സ്നേഹത്തോടെ, ഒരു മകളോടെന്നപോലെയായിരുന്നു തമ്പുരാട്ടിയുടെ പെരുമാറ്റം. സൽക്കാരത്തിനുശേഷം ഇറങ്ങാൻ നേരം മഹാരാജാവും തമ്പുരാട്ടിയും എന്നെ അടുത്തുവിളിച്ച് ഒരു പൊതി സമ്മാനിച്ചു. വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ അതിശയമായിരുന്നു. തനിത്തങ്കത്തിൽ, മൂന്നു മടക്കുള്ള ശരപ്പൊളി മാലയും കസവിൽ നെയ്ത സാരിയും. എഴുപതു വർഷത്തോടടുക്കുന്ന ആ സമ്മാനങ്ങൾ ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു. ശരപ്പൊളി മാല ബാങ്ക് ലോക്കറിലും കസവു സാരി അലമാരയിലുമുണ്ട്’’ -സാനു മാഷിന്റെ പ്രിയതമ രത്നമ്മയുടെ ഓർമകളാണിത്.
1953 നവംബർ നാലിനാണ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ എം.എക്കാരൻ സാനു, രണ്ടാം വർഷ ബി.കോം വിദ്യാർഥി രത്നമ്മയെ വിവാഹം ചെയ്യുന്നത്. ആലോചന വന്നപ്പോൾ, പയ്യൻ യോഗ്യനും നല്ല പ്രസംഗകനുമാണെന്ന് മാധവൻ വക്കീലിന് ബോധ്യപ്പെട്ടു. താമസിപ്പിക്കേണ്ട എന്നു തീരുമാനിച്ച് തിരുവനന്തപുരത്ത് മന്ത്രിമന്ദിരമായ ഹൈലാൻഡ്സ് ബംഗ്ലാവിൽ വെച്ചുതന്നെ വിവാഹവും നടത്തി. തിരു-കൊച്ചി എ.ജെ ജോൺ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആയിരുന്നു മാധവൻ വക്കീൽ അന്ന്.
കാരിക്കാമുറി ‘സന്ധ്യ’
എറണാകുളം കാരിക്കാമുറിയിൽ എട്ടുവർഷം വാടകവീട്ടിൽ കഴിഞ്ഞശേഷമാണ് ‘സന്ധ്യ’ എന്ന വീടുവെച്ചത്. അതോടെ എറണാകുളത്ത് എത്തുന്ന എഴുത്തുകാരുടെ താവളമായി ‘സന്ധ്യ’ മാറി. അന്ന് സാനുമാഷിന് 200 രൂപയായിരുന്നു ശമ്പളം. കിട്ടുന്ന ശമ്പളം രത്നമ്മയെ ഏൽപിക്കും. ആ പണം കൊണ്ട് എന്തു ചെയ്തു എന്നൊന്നും ചോദിക്കില്ല. മഹാരാജാസിൽനിന്ന് ഇടക്ക് മറ്റിടങ്ങളിലേക്ക് മാറ്റം കിട്ടയപ്പോഴും രത്നമ്മയും കുട്ടികളും ഇവിടെത്തന്നെ കഴിഞ്ഞു. അറിയപ്പെടുന്ന വക്കീലും മന്ത്രിയുമൊക്കെ ആയിരുന്നയാളുടെ മകളാണെങ്കിലും ബുദ്ധിമുട്ടുകൾ അറിഞ്ഞുതന്നെയാണ് അവർ ജീവിച്ചത്. ‘എനിക്ക് ഒരു കാര്യത്തിൽ മാത്രമേ നിർബന്ധമുണ്ടായിരുന്നുള്ളൂ, ബുദ്ധിമുട്ടുകൾ മാഷിെൻറ എഴുത്തിനും പ്രസംഗത്തിനും തടസ്സമുണ്ടാകരുത്’’ -ജീവിതപങ്കാളിയുടെ ആഗ്രഹമായിരുന്നു അത്. സമയത്തിന്, രുചിയോടെ ഭക്ഷണം കഴിക്കണമെങ്കിൽ സാനുമാഷിന്റെ വീട്ടിലെത്തണമെന്ന് അക്കാലത്ത് എഴുത്തുകാർക്കിടയിൽ പ്രചരിച്ച വർത്തമാനമായിരുന്നു. ആ പറച്ചിലിനു പിന്നിലെ യഥാർഥ കാരണം സാനുമാഷിെൻറ പ്രിയ പത്നിയുടെ കൈപ്പുണ്യവും ആതിഥ്യ മര്യാദയുമാണ്. ‘ഞാൻ വിളമ്പുന്നത് ഇവിടെ വരുന്നവർക്കെല്ലാം ഇഷ്ടപ്പെടണേ എന്ന പ്രാർഥനയോടെയാണ് പാചകം ചെയ്യാറുള്ളത്’ എന്നാണ് അവർ പറയാറുള്ളത്. തകഴി, മുണ്ടശ്ശേരി, വി.ടി, എം. ഗോവിന്ദൻ, സുകുമാർ അഴീക്കോട്, എൻ.പി മുഹമ്മദ്, പി.കെ ബാലകൃഷ്ണൻ, അയ്യപ്പപ്പണിക്കർ... അങ്ങനെ പോകുന്നു ‘സന്ധ്യ’യിലെ സന്ദർശകരുടെ പട്ടിക. സാനുമാഷിന്റെ ഉറ്റസുഹൃത്ത് എന്നതിനൊപ്പം അടുത്ത ബന്ധുകൂടിയായിരുന്ന സുകുമാർ അഴീക്കോട് ആണ് ‘സന്ധ്യ’യിൽ ഏറ്റവും കൂടുതൽ താമസിച്ചിട്ടുള്ള അതിഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

