കാറ്റാടി ഭൂമി കേസ് പതിറ്റാണ്ടിനു ശേഷം ഹൈകോടതിയിൽ വിചാരണക്ക്
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ വിവാദമായ കാറ്റാടി ഭൂമി സംബന്ധിച്ച കേസ് ഒരു പതിറ്റാണ്ടിനു ശേഷം ഹൈകോടതിയിൽ വിചാരണക്ക്. ജൂലൈ 25ന് കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് ഹൈകോടതിയുടെ നോട്ടീസ്. കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയിലാണ് ആദിവാസി ഭൂമി വ്യാജരേഖ നിർമിച്ച് കൈയേറിയെന്ന പരാതി ഉയർന്നത്. തുടർന്ന് വില്ലേജ് ഓഫിസർ മുതൽ ചീഫ് സെക്രട്ടറി വരെ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എൽ.ഡി.എഫിന്റെ ഭരണകാലത്താണ് ആദിവാസി ഭൂമി കൈയേറ്റം നടന്നത്. അന്ന് പ്രതിപക്ഷത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും ഇരകളായ ആദിവാസികളെയും കൂട്ടി ഡൽഹിയിൽ പോയി സോണിയ ഗാന്ധിയെ കണ്ട് പരാതി നൽകുകയും ചെയ്തു. പരാതി സംബന്ധിച്ച് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കി. ആദിവാസികളുടെ 85.21 ഏക്കര്‍ ഭൂമി സുസ്ലോണ്‍ കൈയേറിയെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് യു.ഡി.എഫ് ഭരണത്തിലെത്തിയോടെ, ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പതിച്ച് നല്കി പട്ടയം ഉൾപ്പെടെ രേഖകള്‍ കൈമാറുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പ് നൽകിയിരുന്നു.
കാറ്റാടി യന്ത്രം കെ.എസ്.ഇ.ബിയെ ഏൽപ്പിച്ച് അതിന്റെ ലാഭവിഹിതം ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് നല്കാന് നിർദേശം നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ, കാറ്റാടി കമ്പനി ഹൈകോടതിയിൽനിന്ന് അതിന് സ്റ്റേ വാങ്ങി. കാറ്റാടിയന്ത്രം സ്ഥാപിച്ച ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2011ൽ കാറ്റാടി കമ്പനി ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി സംരക്ഷണ സമിതി കൺവീനർ എം. സുകുമാരനും ഹൈകോടതിയിൽ ഹരജി നൽകി. രണ്ടു കേസുകളും ഒരുമിച്ചാണ് ഇപ്പോൾ വിചാരണക്ക് എടുക്കുന്നത്. ഭൂമി കൈയേറ്റം നടന്ന് ഒരു പതിറ്റാണ്ടിനുശേഷവും നീതി ലഭിക്കാത്ത ആദിവാസികൾ വീണ്ടും കോടതി കയറുകയാണ്.
കോട്ടത്തറ വില്ലേജിലെ സർവേ 1275ലെ ഭൂമിയാണ് വിൽപന നടത്തിയത്. 300ലധികം ഏക്കർ ഭൂമിക്ക് വ്യാജ ആധാരങ്ങളുണ്ടാക്കി വിൽപന നടത്തിയെന്നായിരുന്നു പരാതി. കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

