കോടതിയിൽ പിതാവിന്‍റെ ശബ്ദമാകും, നിരപരാധികൾക്ക് വേണ്ടി പ്രവർത്തിക്കും -അഡ്വ. സലാഹുദ്ദീൻ അയ്യൂബി
text_fieldsകൊച്ചി: നീതി നിഷേധിക്കപ്പെടുന്ന മുഴുവൻ നിരപരാധികളായി മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി. നീതിയുടെയും നിയമത്തിന്‍റെയും വില നന്നായി അറിയാമെന്നും സലാഹുദ്ദീൻ അയ്യൂബി വ്യക്തമാക്കി. അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതാവിന്‍റെ നിയമപോരാട്ടങ്ങളുടെ ഭാഗമാകും. കോടതി മുറികൾക്ക് പുറത്തു നിൽക്കുമ്പോൾ പിതാവിന്‍റെ നിയമപോരാട്ടങ്ങളുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. ഇനി കോടതിയിൽ പിതാവിന്‍റെ ശബ്ദമാകും. രാജ്യത്തിന്‍റെ നിയമത്തിലും കോടതിയിലും വിശ്വാസമുണ്ട്. കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്‍റെ പ്രതിഫലനമാണ് താൻ അണിഞ്ഞിട്ടുള്ള വക്കീൽ കുപ്പായം.
പിതാവിന്‍റെ ആരോഗ്യം വളരെ മോശമായ നിലയിലാണ്. നിരന്തരം സ്ട്രോക്ക് വരുന്നുണ്ട്. കൂടാതെ, വൃക്ക തകരാറിലാകുന്ന സാഹചര്യമുണ്ട്. ജാമ്യവ്യവസ്ഥയിൽ ഇളവ് അത്യാവശ്യമായ ഘട്ടമാണ് നിലവിലുള്ളത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
പിതാവിന്‍റെ ആരോഗ്യ പ്രശ്നങ്ങളും തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ ആക്ഷേപിക്കുന്ന കമന്‍റുകൾ കാണാറുണ്ട്. രാജ്യത്തിന്‍റെ ഭരണഘടനയെയാണ് ഒന്നാമതായി കാണുന്നതെന്ന പ്രഖ്യാപനമാണ് തന്‍റെ അഭിഭാഷകനായുള്ള എൻറോൾമെന്‍റ് എന്നും സലാഹുദ്ദീൻ അയ്യൂബി വ്യക്തമാക്കി.