പോരാട്ടം കനക്കുമ്പോൾ സമവാക്യങ്ങള്‍ മാറിമറിയുമോ?
text_fieldsകോണ്‍ഗ്രസ് പാരമ്പര്യമുള്ള മണ്ഡലമാണ് മണലൂര്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലമായിരുന്നു. 1957ന് ശേഷം 2006ലാണ് ഇടതുക്ഷം മണ്ഡലത്തില്‍ വിജയം നേടുന്നത്. സി.പി.എം സ്ഥാനാര്‍ഥിയായി ജനപ്രിയനായ മുരളി പെരുനെല്ലിയെ അങ്കത്തട്ടിലിറക്കി മണ്ഡലം പിടിച്ചു. 2011ല്‍ പി.എ. മാധവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2016ല്‍ മുരളി പെരുനെല്ലി വീണ്ടും വിജയിച്ചു. 2021ലും വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയ് ഹരിയെ 29,876 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇടത് സ്ഥാനാര്‍ഥി വിജയം നേടിയത്.
സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പേ ചിറ്റാട്ടുകരയിൽ വീട് വാടകക്കെടുത്താണ് യു.ഡി.എഫിലെ ടി.എൻ. പ്രതാപൻ മണ്ഡലം പിടിക്കാനെത്തിയത്. പ്രതാപന്റെ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ പുതിയ തന്ത്രമാണ് പയറ്റുന്നത്. നെഗറ്റിവ് കാമ്പയിൻ ഇല്ല. പോസിറ്റിവ് കാമ്പയിനാണ് ലക്ഷ്യം വെച്ചതെന്ന് പ്രതാപൻ പറഞ്ഞു. വികസന, ക്ഷേമ മേഖലകളില്‍ നിയോജക മണ്ഡലത്തില്‍ പത്ത് വർഷം പാഴായെന്നും ഇതിന് പരിഹാരമായി പത്ത് ഗ്യാരന്റിയും മണലൂരിനൊരു മാനിഫെസ്റ്റോയും അവതരിപ്പിച്ചാണ് കളത്തിലിറങ്ങിയത്.
സൗജന്യ ഡയാലിസിസിന് മദർ തെരേസ ഡയാലിസിസ് സെന്റർ മുതൽ മണലൂർ ഡെവലപ്‌മെന്റ് കൗണ്‍സില്‍ വരെ അദ്ദേഹത്തിന്റെ പ്രകടന പത്രിയലുണ്ട്. ‘നിങ്ങൾ പന്തയം വെച്ചോ, മണലൂർ നിയോജകമണ്ഡലം ഇത്തവണ യു.ഡി.എഫ് പതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരിക്കും’ എന്നാണ് പ്രഖ്യാപനം. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും പ്രതാപന്റെ പ്രചാരണം ശക്തമാണ്. മണലൂരിനൊരു മന്ത്രി എന്ന വാഗ്ദാനവുമാണ് ഇപ്പോഴത്തെ ഹൈലൈറ്റ്.ടി.എൻ. പ്രതാപന് മികച്ച എതിരാളിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജനപ്രിയത കണക്കിലെടുത്താണ് എൽ.ഡി.എഫ് മണലൂരില്‍ രവീന്ദ്രനാഥിനെ പരിഗണിച്ചത്. എം.എൽ.എ ആയും വിദ്യാഭ്യാസ മന്ത്രിയായും അനുഭവസമ്പത്തുള്ളയാളാണ്. മന്ത്രിയായിരിക്കെ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന മുന്നേറ്റങ്ങളുടെ കരുത്തിലാണ് അദ്ദേഹം.
ജനപങ്കാളിത്ത വികസനത്തെ കുറിച്ചാണ് കുടുംബയോഗങ്ങളിൽ സംസാരിക്കുന്നത്. പ്രചാരണം ഓരോ ദിവസം പിന്നിടുമ്പോഴും മികച്ച ആത്മവിശ്വാസത്തിലാണ് രവീന്ദ്രനാഥ്. അപ്പോഴും പ്രതാപനെ ചെറിയ എതിരാളിയായി കാണുന്നില്ല. എൽ.ഡി.എഫ് കഴിഞ്ഞ അഞ്ച് വർഷം ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, പൊതുമരാമത്ത്, ഉൽപാദനം, കുടിവെള്ളം മേഖലകളിൽ മണ്ഡലത്തിൽ നടപ്പാക്കിയ 1500 കോടിയുടെ വികസന പ്രവർത്തനങ്ങൾ വോട്ടർമാരോട് പറഞ്ഞ് പ്രചാരണത്തിൽ മുന്നേറിയിരിക്കുകയാണ്.ജില്ലയിൽ എൻ.ഡി.എക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് മണലൂർ എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ. ലോക്സഭ തെരഞ്ഞടുപ്പിൽ വൻ മുന്നേറ്റമാണ് എൻ.ഡി.എ ഉണ്ടാക്കിയത്.
അഡ്വ. കെ.കെ. അനീഷ് കുമാറാണ് എൻ.ഡി.എയുടെ സ്ഥാനാർഥി. ബി.ജെ.പി ജില്ല സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കുന്നംകുളം നിയമസഭ മണ്ഡലത്തിൽ മത്സരിച്ച് ബി.ജെ.പി വോട്ടിങ് നില 30,000ത്തിൽ എത്തിച്ചു.കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണനായിരുന്നു മണലൂരിൽ ബി.ജെ.പി സ്ഥാനാർഥി. ആ പരീക്ഷണം പരാജയമായിരുന്നു. ധനമന്ത്രി നിർമല സീതരാമിന്റെ റോഡ് ഷോ ഉൾപ്പെടെ സംഘടിപ്പിച്ച് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എൻ.ഡി.എ. പ്രത്യക്ഷത്തിൽ ത്രികോണ മത്സരമെന്ന ധ്വനിയില്ലെങ്കിലും മണ്ഡലത്തിൽ അരങ്ങേറുക ത്രികോണ മത്സരമാണ് എന്ന കാഴ്ചപ്പാടാണുള്ളത്. പോരാട്ടം കനക്കുമ്പോൾ സമവാക്യങ്ങള്‍ മാറിമറിയുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
സി. രവീന്ദ്രനാഥ് (എൽ.ഡി.എഫ്)
സാക്ഷരത പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനാഥ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തൃശൂർ സെന്റ് തോമസ് കോളജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകൻ, ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ല വൈസ് പ്രസിഡന്റ്, ജനകീയാസൂത്രണ പദ്ധതി ജില്ല കൺവീനർ, ആസൂത്രണ ബോർഡ് കൺസൽട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ കൊടകര മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.2011ലും 2016ലും നിയമസഭാംഗം. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ടി.എൻ. പ്രതാപൻ (യു.ഡി.എഫ്)
2019 മുതൽ 2024 വരെ തൃശൂരിൽ നിന്നുള്ള ലോക്സഭാംഗം. മുൻ നിയമസഭാംഗവും മുൻ തൃശൂർ ഡി.സി.സി പ്രസിഡന്റുമായിരുന്നു. കെ.എസ്.യു ജില്ല പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡൻറ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കേരള കലാമണ്ഡലം നിർവഹണ സമിതി അംഗം, വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. വ്യത്യസ്ത നിയമസഭ കമ്മിറ്റികളിൽ അംഗമായിരുന്നു. 2011-2016 നിയമസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായിരുന്നു. 2001ലും 2006ലും നാട്ടികയിലും 2011ൽ കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിലും വിജയിച്ചു.
അഡ്വ. കെ.കെ. അനീഷ് കുമാർ (എൻ.ഡി.എ)
നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന കോർ കമ്മിറ്റിയംഗം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ പ്രീഡിഗ്രി പഠനകാലത്ത് വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി.തൃശൂർ ലോ കോളജിന്റെ ചരിത്രത്തിൽ ആദ്യമായി എ.ബി.വി.പി സ്ഥാനാർഥിയായി മത്സരിച്ച് സ്റ്റുഡന്റ് എഡിറ്ററായി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റും ബി.ജെ.പി ജില്ല പ്രസിഡന്റുമായിരുന്നു. കുന്നംകുളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2005 മുതൽ ജില്ല കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

