കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടാൻ ഉചിതമായ സംവിധാനമൊരുക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സർക്കാർ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. അത് ഒഴിവാക്കാന്‍ എല്ലാവരും ഒത്തു ചേർന്ന് കൈകോർത്ത് ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മുറക്ക് വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വർഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. അതിവ്യാപനമുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ട്.
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൌണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണ്. ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. എന്നാല്‍ ഇങ്ങനെ രോഗമുണ്ടാകുന്നവരില്‍ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്‍റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കേണ്ടതാണ്.
ഇതുവരെ 1,12,12,353 ഡോസ് വാക്സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.