പിണറായിയെ താഴെയിറക്കിയിട്ട് രാഷ്ട്രീയ പ്രവർത്തനം നിർത്തും -കെ. സുധാകരൻ
text_fieldsകോഴിക്കോട്: പിണറായി വിജയനെ താഴെയിറക്കിയിട്ട് രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. അധികാരത്തിൽ നിന്ന് പിണറായിയെ താഴെയിറക്കുകയാണ് ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണം നേടിയാൽ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമെന്നും സുധാകരൻ വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഡൽഹി കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന പിണറായിയുടെ തുടർഭരണം അവസാനിപ്പിച്ച് യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നതായി നേതൃത്വത്തെ അറിയിച്ചു.
പാർട്ടി താൽപര്യത്തിനായി തന്നെ മാറ്റണമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാൽ വിരോധമില്ലെന്നും നേതൃത്വത്തെ അറിയിച്ചു. ഡൽഹി കൂടിക്കാഴ്ചയിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, സംഘടനാശേഷി, പ്രതീക്ഷ, പോരായ്മ എന്നിയെല്ലാം ചർച്ചയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റമുണ്ടാകുമെന്നാണ് ഹൈക്കമാൻഡിന് ലഭിച്ച റിപ്പോർട്ട്. എൽ.ഡി.എഫ് സർക്കാറിനെ പുറത്താക്കുക എന്നതൊഴിച്ച് പാർട്ടി പദവി അടക്കം മറ്റ് ആഗ്രഹങ്ങൾ ഇപ്പോഴില്ല.
തന്‍റെ ആരോഗ്യ കാര്യങ്ങൾ ഖാർഗെയും രാഹുലും തിരക്കിയിരുന്നു. തന്‍റെ ആരോഗ്യത്തെ കുറിച്ചും അനാരോഗ്യത്തെ കുറിച്ചും രാഹുൽ ഗാന്ധിക്ക് നല്ല ബോധ്യമുണ്ട്. ഡൽഹി കൂടിക്കാഴ്ചക്ക് ശേഷം ഖാർഗെ ചുമലിൽ കൈയ്യിട്ട് കാറിന് സമീപം വരെ അനുഗമിച്ചെന്നും ആലിംഗനം ചെയ്താണ് രാഹുൽ ഗാന്ധി യാത്രയാക്കിയതെന്നും കെ. സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് ഹൈക്കമാൻഡുമായി കഴിഞ്ഞ ദിവസം കെ. സുധാകരൻ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആൾ വരുമെന്ന തരത്തിൽ മാധ്യമ വാർത്തകൾ പുറത്തുവന്നത്. സുധാകരനെ മാറ്റുകയാണെങ്കില്‍ ആ പദവിയിലേക്ക് ആന്‍റോ ആന്‍റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.
വാർത്തയോട് പ്രതികരിച്ച കെ. സുധാകരൻ, കെ.പി.സി.സി അധ്യക്ഷൻ മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഹൈക്കമാൻഡ് ഇതുവരെ അങ്ങനെയൊന്ന് നിർദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ താൻ തൃപ്തനാണെന്നും ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും മാറാൻ പറഞ്ഞാൽ മാറുമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

