വയനാടിന്റെ കാവലാൾ എൻ. ബാദുഷക്കെതിരായ ഭീഷണികളെ ജനകീയമായി നേരിടുമെന്ന് പരിസ്ഥിതി സംഘടനകൾ; വേണ്ടിവന്നാൽ കേസിൽ കക്ഷി ചേരും
text_fieldsകൽപറ്റ: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിൽ ഹർജി നൽകിയതിനെ തുടർന്ന് പരിസ്ഥിതി പ്രവർത്തകനായ എൻ. ബാദുഷക്ക് നേരെ നടക്കുന്ന നിഷ്ഠൂരമായ സൈബർ ആക്രമണത്തെയും വധ ഭീഷണിയെയും വയനാടിന്റെ പരിസ്ഥിതി സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അപലപിച്ചു. വയനാട്ടിലെ ഒരു ഗൂഢ ഗുണ്ടാ സംഘം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങളെയും ബാദുഷയെ അപായപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടത്താൻ നിശ്ചയിച്ച മാർച്ചിനെയും നിയമത്തിന്റെ വഴിയിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ചെറുക്കും.
കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന്റെയും അതിൽ നഷ്ടമായ ജീവനുകളുടെയും നടുക്കുന്ന ഓർമകൾ മാറും മുമ്പാണ് അശാസ്ത്രീയവും അപകടകരവുമായ രീതിയിൽ തുരങ്കപാത നിർമിക്കാനുള്ള നീക്കവുമായി അധികൃതർ മുമ്പോട്ടുപോകുന്നത്. മേപ്പാടി പ്രദേശത്തിനും വയനാടിന്റെ പരിസ്ഥിതി സംതുലനത്തിനും കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ-തിരുവമ്പാടി പ്രദേശങ്ങൾക്കും ഈ നിർമാണം വലിയ ദുരന്തങ്ങൾ വരുത്തിവയ്ക്കുമെന്ന് ഉറപ്പാണ്. ആ മഹാ വിപത്തിനെ തടയാൻ നിയമത്തിന്റെ വഴി തേടിയ വയനാട് പ്രകൃതി സംരക്ഷണ സമിതിയ്ക്കും അതിന്റെ അധ്യക്ഷനായ എൻ. ബാദുഷക്കും കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതിസംഘടനകളും സാമൂഹിക സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ് ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലുമാണ് കോതിയിൽ ഹർജി നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ വയനാട്ടിലെയും കേരളത്തിലുടനീളമുള്ള പരിസ്ഥിതി-സാമൂഹിക സംഘടനകളും കോടതിയിൽ ഈ കേസിൽ കക്ഷി ചേരുമെന്നും ഞങ്ങൾ അറിയിക്കുന്നു.
ഒരു വിധത്തിലുള്ള ശാസ്ത്രീയ പഠനങ്ങളും പരിസ്ഥിതി വിലയിരുത്തലും വിദഗ്ദ പഠനവും കൂടാതെ തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ചാണ് കേരള സർക്കാർ പരിസ്ഥിതി മന്ത്രാലത്തിന്റെ രണ്ടു തട്ടിലുള്ള അനുമതിയും സംഘടിപ്പിച്ചത്. ഇത്തരം ജനദ്രോഹപരവും നിയമവിരുദ്ധവുമായ നടപടികൾ ചോദ്യം ചെയ്യാൻ ഇന്ത്യയിലെ ഏതൊരു പൗരനും സംഘടനയ്ക്കും അവകാശവും ഉത്തരവാദിത്തവും ഉണ്ട്. ഭരണഘടന നൽകുന്ന മൗലിക അവകാശം വിനിയോഗിച്ചുകൊണ്ട് നീതിപീഠത്തെ സമീപിച്ചതിന്റെ പേരിൽ ഒരു വ്യക്തിക്കെതിരെ സ്ഥാപിത താല്പര്യങ്ങളുള്ള ചില ലോബികളുടെ ഗുണ്ടാസംഘം സംഘടിതമായി നടത്തുന്ന സംസ്കാര ശൂന്യവും അപകടകരവുമായ സോഷ്യൽ മീഡിയാ അതിക്രമത്തെ ചെറുക്കേണ്ടത് ജനാധിപത്യത്തിലും ഭരണഘടനയിലും നീതിന്യായ സംവിധാനത്തിലും വിശ്വസിക്കുന്നവരുടെ കടമയാണ്.
വയനാടിന്റെ നിലനില്പിനാധാരമായ കാടും കുന്നും പുഴയും വയലുകളുമെല്ലാം സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർക്ക് ഇത്തരം ഭീഷണികൾ പുത്തരിയല്ല . ആനക്കൊമ്പ്-ചന്ദനം കള്ളക്കടത്തിനെതിരെയും വയനാടിനെ മരുഭൂമിയാക്കി മാറ്റുമായിരുന്ന വനനശീകരണത്തിനെതിരെയും എടക്കൽ ഗുഹ സംരക്ഷിക്കാൻ ക്വാറികൾക്കെതിരെയും, സ്വാഭാവിക വനങ്ങൾ നശിപ്പിച്ചു യൂക്കാലി-അക്കേഷ്യ തോട്ടങ്ങളാക്കുന്നതിനെതിരെയും എല്ലാം പ്രക്ഷോഭം നടത്തിയപ്പോഴും കോടതികളിൽ നിയമ പോരാട്ടങ്ങൾ നടത്തിയപ്പോഴുമെല്ലാം ഇത്തരം ഭീഷണികൾ നേരിട്ടിട്ടുണ്ട്.
മേപ്പാടി പ്രദേശത്ത് നിയമവിരുദ്ധവും സാമൂഹിക വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ രീതിയിൽ എല്ലാ അതിരും ലംഘിച്ച് ടൂറിസമെന്ന പേരിൽ നടക്കുന്ന അധിനിവേശത്തെ ചെറുക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. വയനാടിൽ പൊതുവെയും മേപ്പാടിയിൽ പ്രത്യേകിച്ചും ടൂറിസത്തിന്റെ പേരിൽ നശിപ്പിക്കപ്പെടുന്ന പച്ചപ്പും നീറുവകളും തണുപ്പും മഞ്ഞും വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവർ ചോരയും നീരും നൽകി, ഗൂണ്ടായിസവും പുലഭ്യവും നേരിട്ട് നിലനിർത്തിയതാണെന്ന് ഓർക്കണം. വയനാടിനെ പാരിസ്ഥിതികമായി തകർക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയയുടെ പ്രവർത്തനങ്ങളെ തുറന്നുകാട്ടുന്നതോടൊപ്പം ഇവിടുത്തെ ജനങ്ങളുടെ അടിസ്ഥാന ഉപജീവന മാർഗമായ കൃഷിയെ തീർത്തും അവഗണിച്ച് പുറത്തുനിന്നുള്ള ടൂറിസം-റിസോർട്ട് മാഫിയക്ക് നിലമൊരുക്കുന്ന അനീതിയെയും പ്രകൃതി സംരക്ഷണ സമിതി എക്കാലവും എതിർത്തിട്ടുണ്ട്.
വയനാടിന്റെ പ്രകൃതിയെയും അതിലധിഷ്ഠിതമായി ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന കർഷക-ആദിവാസി- ഭൂരഹിത ജനതയെയും സംരക്ഷിക്കാൻ എന്ത് വിലയും കൊടുത്ത് പരിസ്ഥിതി പ്രവർത്തകർ നിലയുറപ്പിക്കുമെന്നും ബാദുഷ ഒറ്റക്കല്ലെന്നും കൂട്ടായ്മ അറിയിച്ചു. അഡ്വ. സന്തോഷ് (കോ എക്സിസ്റ്റ്ൻസ് കേരള), രാജേഷ് കൃഷ്ണൻ (സഹ്യാദ്രി സമ്മിറ്റ്), വർഗീസ് വട്ടേക്കാട്ടിൽ (പശ്ചിമഘട്ട സംരക്ഷണ സമിതി), കെ.വി. പ്രകാശ് (സി.പി.ഐ. (എം.എൽ) റെഡ് സ്റ്റാർ), കെ.വി. ഗോകുൽദാസ് (ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ), ഭഗത് (എസ്.യു.സി.ഐ), ടി. ശിവരാജ് ( ഉറവ് ഇക്കോ ലിങ്ക്സ്), അബു പൂക്കോട് (ഗ്രീൻ ക്രോസ്), ബഷീർ ആനന്ദ് ജോൺ (കേരള ഗ്രീൻ മൂവ്മെന്റ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

