സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയായ ഡേവിസ് അച്ചന് പൂര്‍ണ പിന്തുണ നല്‍കും- വി.ഡി. സതീശൻ
text_fieldsതൃശൂര്‍: സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയായ ഡേവിസ് അച്ചന് പൂര്‍ണ പിന്തുണ നൽകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജെബല്‍പൂരില്‍ സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയായ തൃശൂര്‍ സ്വദേശി ഫാദര്‍ ഡേവിസിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ ആക്രമണങ്ങള്‍ നടക്കുകയാണ്.
സംഘ്പരിവാറിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഫാദര്‍ ഡേവിസ് ഉള്‍പ്പെടെയുള്ളവര്‍ ജെബല്‍പൂരില്‍ ആക്രമിക്കപ്പെട്ടത്. പള്ളികളില്‍ തീര്‍ത്ഥാടനത്തിന് എത്തിയവര്‍ ഫാദര്‍ ഡേവിസിന്റെ പള്ളി സന്ദര്‍ശിച്ച് മടങ്ങിപ്പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ ഫാദര്‍ ഡേവിസും സഹവികാരിയും ഉള്‍രപ്പെടെയുള്ളവരും ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു വികാരി കൈയ്യൊടിഞ്ഞ് ആശുപത്രിയിലാണ്. ഇതേ സംഭവം തന്നെയാണ് ഒഡീഷയിലും നടന്നത്.
ഓഡീഷയില്‍ പൊലീസാണ് പള്ളിയില്‍ കയറി വികാരിയെയും സഹവികാരിയെയും ആക്രമിച്ചത്. സഹവികാരി തോളെല്ല് പൊട്ടി ആശുപത്രിയിലാണ്. രാജ്യത്ത് ഉടനീളെ എല്ലാ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടക്കുകയാണ്. നിരവധി വൈദികരാണ് ജയിലില്‍ കഴിയുന്നത്. പരാതിയുമായി ചെന്നാല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം ഉപയോഗപ്പെടുത്തി ക്രൈസ്തവരെ ജയിലില്‍ അടക്കുകയാണ്. ക്രിസ്മസ് ആരാധനകള്‍ പോലും തടസപ്പെടുത്തുകയാണ്.
ഞായറാഴ്ചകളിലെ ആരാധനകള്‍ പോലും നടക്കുന്നില്ല. പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധരുടെ പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. സ്‌കൂളുകളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കി ജയ് ശ്രീറാം വിളിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിന് പുറമെയാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വഖഫ് ബില്‍ കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ പാട്ടമായി നല്‍കി ക്രൈസ്തവരുടെ കയ്യിലുള്ള ഏഴ് കോടി ഹെക്ടര്‍ സ്ഥലം തിരിച്ച് പിടിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വഖഫ് ബില്‍ വന്നതു പോലെ ചര്‍ച്ച് ബില്‍ വരുമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വഖഫ് ബില്ലിനെ മുനമ്പം വിഷയവുമായി കൂട്ടിക്കുഴച്ച് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് വഖഫ് ബില്‍.
അത് വഖഫ് ബില്ലില്‍ തുടങ്ങിയെന്നു മാത്രമെയുള്ളൂ. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ച് ഒരു ന്യൂനപക്ഷ സമുദായത്തെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ദേശീയതലത്തില്‍ സ്വീകരിച്ചത്. ആ നിലപാടുമായി മുന്നോട്ടു പോകും. ആക്രമണത്തിന് ഇരയായ ഡേവിസ് അച്ചന്റെ കുടുംബാംഗങ്ങള്‍ക്ക് പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

