വോട്ടു കൊള്ളക്കും ജനാധിപത്യ അട്ടിമറിക്കുമെതിരെ പ്രതിരോധ സദസ്സുകൾ സംഘടിപ്പിക്കും -എം.എൽ.പി.ഐ റെഡ് ഫ്ലാഗ്
text_fieldsകോട്ടയം: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‍കരണം റദ്ദാക്കുക, വോട്ട് കൊള്ളയിക്കെതിരെ ഒന്നിക്കുക, സംഘപരിവാറിൽ നിന്നും തെരഞ്ഞെടുപ്പ് കമീഷനെ മോചിപ്പിക്കുക, ജനാധിപത്യത്തിനു നേരെയുള്ള ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ ഒന്നിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് യോജിക്കാവുന്ന മുഴുവൻ പ്രസ്ഥാനങ്ങളെയും വ്യക്തി കളേയും സഹകരിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിരോധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്)അറിയിച്ചു.
ആദ്യഘട്ടമായി സെപ്തംബർ 20ന് കോട്ടയത്തും 29ന് കോഴിക്കോട്ടും 30ന് തൃശൂരിലും സംഘടിപ്പിക്കും. തുടർന്ന് മുഴുവൻ ജില്ലകളിലും നടത്തും. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വെല്ലുവിളി ഉയർത്തുന്ന സംഭവ വികാസങ്ങളാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനഹിതം അട്ടിമറിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ അടക്കം വീഴ്‌ചകൾ ചൂണ്ടിക്കാണിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി സംശയാസ്‌പദമാണ്. 'വോട്ടർ പട്ടിക തയാറാക്കുമ്പോൾ ഒരു തരത്തിലുമുള്ള അനീതിയും കാണിക്കാൻ പാടില്ല അങ്ങനെ സംഭവിച്ചാൽ നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ വേരറുക്കുന്ന നടപടിയാകും' എന്ന ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബ്ദേക്കറുടെ മുന്നറിയിപ്പ് ശരിവെക്കുന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും പാർട്ടി വാർത്താ കുറിപ്പിൽ പറഞ്ഞു.
വളഞ്ഞ വഴിയിലൂടെ എൻ.ആർ.സി. നടപ്പാക്കാനുള്ള പദ്ധതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ എസ്.ഐ ആറിലൂടെ ലക്ഷ്യം വെക്കുന്നത്. വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്യുക വഴി ഭാവിയിൽ പൗരത്വം തന്നെ ഇല്ലായ്‌മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. ബിഹാറിൽ വെട്ടിമാറ്റിയവരിൽ ഭൂരിപക്ഷവും മുസ്‍ലിം ന്യൂനപക്ഷവും സ്ത്രീകളും എസ്.സി, എസ്ടി വിഭാഗക്കാരുമാണ്.എല്ലാ പൗരന്മാരും തുല്യരാണെന്ന് പറയുന്ന ഭരണഘടനാ തത്വത്തിനെതിരാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
കോട്ടയത്ത് സെപ്തംബർ 26ന് വൈകുന്നേരം 5 മണിക്ക് തിരുനക്കര ബസ്സ് സ്റ്റാന്റ് മൈതാനിയിൽ സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

