വോട്ടിനു വേണ്ടി വർഗീയവാദികളുമായി കൂട്ടില്ല; വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റല്ല -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കുറച്ച് വോട്ടിനും നാല് സീറ്റിനും വേണ്ടി വർഗീയവാദികളുമായി കൂട്ടുകൂടുന്ന രാഷ്ട്രീയ ചെറ്റത്തരത്തിന് തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഞങ്ങളുടെ തുറന്ന സമീപനമാണ്. കോൺഗ്രസ് മതനിരപേക്ഷതയൊക്കെ പറയുമെങ്കിലും നാല് വോട്ടിന് വേണ്ടി ഏത് വർഗീയതയുമായും കൂടിചേരുന്നതിന് മടികാണിച്ചിരുന്നില്ല. തൽക്കാലം വോട്ട് പോരട്ടെ എന്ന നിലപാടാണ് അവർ സ്വീകരിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി നേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കൈ ഏതാണെന്ന് പരിശോധിക്കണം. ചില ഡിവിഷനുകളിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വോട്ടുകളിൽ സാരമായ കുറവുവന്നു. ആ വോട്ട് ബി.ജെ.പി സ്ഥാനാർഥിക്ക് പോയി. പരസ്പര ധാരണയിൽ എൽ.ഡി.എഫ് ജയിച്ചുവരാൻ സാധ്യതയുള്ളിടങ്ങളിൽ ഇവർ വോട്ടുകൾ മാറിചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുമ്പ് വടകരയിലും ബേപ്പൂരിലുമുണ്ടായ കോ-ലീ-ബി സഖ്യത്തിലൂടെ ബി.ജെ.പിക്ക് അഭിമതരായവരെ പാർലമെന്റിലും നിയമസഭയിലും എത്തിക്കാനായിരുന്നു ശ്രമം. കേരളീയ സമൂഹം വലിയ ജാഗ്രത വർഗീയതക്കെതിരെ പുലർത്തുന്ന സമയമായതിനാൽ ഫലവത്തായില്ല. മതനിരപേക്ഷത ബോധത്തിൽ നിന്നാണ് രണ്ട് സ്ഥലത്തും അവരുടെ സ്ഥാനാർഥികൾ പരാജയപ്പെട്ടത്. 2016ൽ നേമത്ത് ബി.ജെ.പി സ്ഥാനാർഥി ജയിച്ചതും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥി ജയിച്ചതും കോൺഗ്രസ് വോട്ടുകളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതക്കെതിരെ ശക്തമായ പൊതുബോധം നിലനിന്ന കേരളീയ സമൂഹത്തിന്റെ ജാഗ്രതയിൽ കുറവുവരുന്നോ എന്ന സംശയം ഉയരുകയാണ്. മതനിരപേക്ഷതയുടെ ഏറ്റവും ശക്തമായ കേന്ദ്രമായി നിൽക്കുന്ന കേരളം മാറുകയാണോ, ആ മാറ്റം എങ്ങോട്ട് എന്നതെല്ലാം ഗൗരവമായി കാണണം. രാജ്യത്തിന്റെ മറ്റ് ഭാഗത്തും കാണുന്ന രീതിയിലേക്ക് കേരളവും പോയാൽ നമുക്ക് പലതും നഷ്ടപ്പെടും. കേരളത്തനിമ നഷ്ടപ്പെടും. മതനിരപേക്ഷ മൂല്യങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടും. അതിനെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റല്ല; ബിനോയ് വിശ്വമല്ല പിണറായി വിജയൻ’
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനെത്തിയ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെ ആവർത്തിച്ച് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ താൻ കാറിൽ കയറ്റില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. ‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ. പിണറായി വിജയൻ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാട്. ബിനോയ് വിശ്വം കാറിൽ കയറ്റില്ലായിരിക്കും. ഞാൻ കാറിൽ കയറ്റിയത് ശരിയാണ്. അതിൽ തെറ്റുണ്ടെന്ന് ഞാൻ പറഞ്ഞില്ല. ആ നിലപാടുതന്നെയാണ് ഇപ്പോഴുമുള്ളത്’ -മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സി.പി.ഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളി. സി.പി.ഐ ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാന ഘടകകക്ഷിയാണ്. നല്ല ഊഷ്മള ബന്ധമാണ് ആ പാർട്ടിയുമായി ഞങ്ങൾക്കുള്ളത്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയും ചതിയും കാണിക്കുന്നുവെന്ന തോന്നൽ തങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിച്ചിരുന്നുവോ എന്ന ചോദ്യത്തോട് അതേക്കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും കാര്യങ്ങൾ നോക്കിയേ പറയാൻ പറ്റൂ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ബുൾഡോസർ രാജ്: പ്രതികരിക്കുന്നത് അതിർത്തി നോക്കിയല്ല
തിരുവനന്തപുരം: കർണാടകയിലെ ബുൾഡോസർ രാജിൽ താൻ നടത്തിയത് സ്വാഭാവിക പ്രതികരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നടന്നാലും പ്രതികരിക്കും. ഇത്തരം കാര്യങ്ങളിൽ അതിർത്തി നോക്കിയല്ല പ്രതികരിക്കാറുള്ളത് -മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിലെ കാര്യത്തിൽ കേരള മുഖ്യമന്ത്രി ഇടപെടുന്നുവെന്ന വിമർശനം അവിടത്തെ മന്ത്രിമാരിൽ നിന്നടക്കം ഉയർന്നുവെന്നത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പിണറായിയുടെ പ്രതികരണം. ‘ഗസ്സയിലെ കാര്യങ്ങളിലടക്കം നാമെല്ലാം പ്രതികരിച്ചുകൊണ്ടിരിക്കുന്നു. അതുപോലുള്ള കാര്യങ്ങൾ വരുമ്പോൾ അതിർത്തി നോക്കി പ്രതികരിക്കുക എന്നതല്ല രീതി. സ്വാഭാവികമായി പ്രതികരിക്കും. അതാണ് എന്നിൽനിന്ന് ഉണ്ടായത്.
നിസ്സഹായരായ ഒരുകൂട്ടം ആളുകൾ ബുൾഡോസർ ഉപയോഗിച്ച് തെരുവാധാരമാക്കപ്പെടുന്ന നിലവന്നപ്പോൾ അതിനെതിരായ പ്രതികരണമാണ് വന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ശിവഗിരിയിലെ ചടങ്ങിൽ വച്ച് കണ്ടിരുന്നുവെങ്കിലും ഇക്കാര്യം സംസാരിക്കാനുള്ള സാഹചര്യമുണ്ടായില്ല. ചടങ്ങ് ആരംഭിച്ച ശേഷമാണ് അദ്ദേഹം എത്തിയത്. മന്ത്രിസഭ യോഗമടക്കം തിരക്കുകളുണ്ടായിരുന്നതിനാൽ തനിക്ക് നേരത്തേ മടങ്ങേണ്ടിയും വന്നു. നേരത്തേ മടങ്ങേണ്ടതിലുള്ള അനൗചിത്വം താൻ പ്രസംഗത്തിൽ പറയുകയും തിരക്കിന്റെ കാര്യം സിദ്ധരാമയ്യയോട് നേരിട്ട് പറയുകയും ചെയ്ത ശേഷമാണ് പുറപ്പെട്ടത്’-മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

