പി.എം. ശ്രീയിൽനിന്ന് പിൻമാറില്ല; കരാർ വ്യവസ്ഥയിൽ ഇളവ് തേടും -മുഖ്യമന്ത്രി
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിവാദമായ പി.എം. ശ്രീ പദ്ധതിയിൽ കേരളം തുടരുമെന്നും എന്നാൽ കരാർ വ്യവസ്ഥകളിൽ ഇളവുകൾ തേടുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽ.ഡി.എഫ് സർക്കാരാണ് പദ്ധതിയിൽ ഒപ്പിട്ടത്. നിലവിൽ സംസ്ഥാനം പദ്ധതിയിൽ അംഗമാണ്. പദ്ധതിയിൽ തുടരാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.
കരാർ വ്യവസ്ഥകളിൽ ഇളവുകൾ തേടാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത്. കരിക്കുലത്തിൽ കേന്ദ്രസർക്കാർ ഇടപെടരുത്, പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് വിട്ടുനൽകണം തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ വെക്കും. ഇതുമായി ബന്ധപ്പെട്ട യു.ഡി.എഫ് സർക്കാരിന്റെ ആശയപരമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ അധ്യക്ഷനായും റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ സമിതി അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചത്. സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
കരാറിൽ 2024-ൽ എൽ.ഡി.എഫ് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വഴി 92 കോടിയിലധികം സംസ്ഥാനം കൈപ്പറ്റിയിട്ടുണ്ട്. 106 കോടി അനുവദിച്ചിട്ടുമുണ്ട്. സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് കോട്ടം തട്ടാതെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ബി.ജെ.പി ഇതര സംസ്ഥാന ഭരണകർത്താക്കളുമായി യോജിച്ച് മുന്നോട്ട് നീങ്ങാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കേന്ദ്രത്തെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിരുന്നപ്പോൾ വി.ഡി.സതീശനും യു.ഡി.എഫും എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

