‘സി.പി.ഐയെ എം.എൻ സ്മാരകത്തിൽ ചെന്ന് അപമാനിച്ചു’; എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാൻ അനുവദിക്കില്ലെന്ന് സതീശൻ
text_fieldsതിരുവനന്തപുരം: ഒരു കാരണവശാലും എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണ സി.പി.ഐയെ എ.കെ.ജി സെന്ററില്‍ വിളിച്ചു വരുത്തിയാണ് അപമാനിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ബ്രൂവറി വിഷയത്തില്‍ എം.എന്‍ സ്മാരകത്തില്‍ പോയി സി.പി.ഐയെ അപമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും തീരുമാനമാണ് എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പിച്ചത്. പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്‌സൈസ് മന്ത്രി, ആദ്യം എല്‍.ഡി.എഫിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെയെന്നും സതീശൻ പറഞ്ഞു.
കമ്പനി പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ദിവസേന 80 എം.എല്‍.ഡി വെള്ളം വേണ്ടിവരും. മഴവെള്ള സംഭരണി സ്ഥാപിച്ചാല്‍ ഒരു വര്‍ഷം പരമാവധി 40 ദശലക്ഷം ലിറ്റര്‍ മാത്രമേ ശേഖരിക്കാനാകൂ. അത് കമ്പനിയുടെ ഒരു ദിവസത്തെ ആവശ്യത്തിനുപോലും തികയില്ല. ജല അതോറിറ്റി വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്.
എന്നാല്‍, കമ്പനിയുമായി അത്തരത്തില്‍ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നാണ് നിയമസഭയില്‍ ജലവിഭവ മന്ത്രി മറുപടി നല്‍കിയത്. തെറ്റായ വഴികളിലൂടെ കമ്പനി വന്നതുകൊണ്ടാണ് ജലത്തിന്റെ പ്രശ്‌നമുള്‍പ്പെടെ അവഗണിച്ച് മദ്യനിര്‍മാണശാലക്ക് അനുമതി നല്‍കിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കേരളത്തിലെ സംരംഭങ്ങള്‍ സംബന്ധിച്ച് വ്യവസായമന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. വിഷയത്തിൽ സർക്കാറിനെ പുകഴ്ത്തിയുള്ള നിലപാടിൽ ശശി തരൂർ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കണക്കുകളുമായി സതീശൻ വീണ്ടും രംഗത്തെത്തിയത്. ഫലത്തിൽ സർക്കാറിനെന്ന ഭാവേന തരൂരിനാണ് സതീശന്‍റെ മറുപടി.
3,55,000 സംരംഭങ്ങള്‍ കേരളത്തിലുണ്ടെന്നാണ് വ്യവസായമന്ത്രി പറഞ്ഞത്. 2021ല്‍ എം.എസ്.എം.ഇയുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയിൽ എന്നുകൂടി ചേര്‍ത്തതാണ് കണക്കുകളിൽ മാറ്റംവരാൻ കാരണം. അത് എല്ലാ സംസ്ഥാനത്തും മാറ്റമുണ്ടാക്കി. ആന്ധ്രപ്രദേശില്‍ 2020-21-ല്‍ 65174 സംരംഭങ്ങള്‍ 2021-22 ല്‍ 147000 ആയി വര്‍ധിച്ചു. നിലവില്‍ 678000 സംരംഭങ്ങളാണ് അവിടെയുള്ളത്.
കര്‍ണാടകത്തില്‍ 152000 ഉണ്ടായിരുന്നത്, നിര്‍വചനം മാറ്റിയപ്പോള്‍ 314000 ആയി. ഇപ്പോള്‍ 676000 ആണ്. ഈ സംരംഭങ്ങൾ പാവപ്പെട്ടവന്‍ ലോണെടുത്ത് തുടങ്ങുന്ന പെട്ടിക്കടകളും പലചരക്കുകടകളും പച്ചക്കറിക്കടകളും ബാർബര്‍ഷോപ്പും ബേക്കറിയും വര്‍ക് ഷോപ്പും ഉള്‍പ്പെടെയുള്ളവയാണ്. ഇതൊക്കെ സര്‍ക്കാറിന്റെ ക്രെഡിറ്റിലേക്ക് എങ്ങനെയാണ് പോകുന്നതെന്ന് സതീശൻ ചോദിച്ചു.
ഓണ്‍ലൈന്‍ വ്യാപാരവും മാളുകളും വന്നതോടെ, ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയാണ്. എന്നിട്ടാണ് സംസ്ഥാനത്ത് 355000 സംരംഭങ്ങള്‍ കൊണ്ടുവന്നെന്ന് പറയുന്നത്. പ്രതിപക്ഷം സര്‍ക്കാറുമായി പോരാടുന്ന വിഷയത്തില്‍ സര്‍ക്കാറിന് അനുകൂലമായി ശശി തരൂര്‍ ലേഖനം എഴുതിയപ്പോള്‍ അതിലെ കണക്കുകള്‍ ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

