വെളളാപ്പള്ളി നടേശൻ ഹിന്ദു വർഗീയ വാദിയാണെന്ന നിലപാട് അംഗീകരിക്കില്ല - എ. വിജയരാഘവൻ
text_fieldsകോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് താൻ അംഗീകരിക്കില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ.
വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട സമുദായ നേതാവാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അത് നമ്മുടെ പൊതുസമൂഹ ധാരണക്ക് എതിരാണെങ്കിൽ വിമർശിക്കും. അതാണ് സി.പി.എം ചെയ്യുകയെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ വെള്ളാപ്പള്ളി ഒരു വർഗീയവാദിയാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല.
പൊതു സാമൂഹ്യനീതിക്ക് എതിരായ നിലപാട് സ്വീകരിക്കുന്നതിനെ സി.പി.എം വിമർശിക്കാറുണ്ട്. എസ്.എൻ.ഡി.പി കേരളത്തിന്റെ പൊതുസ്വത്താണ്. എസ്.എൻ.ഡി.പിയെ വേറൊരു തരത്തിലാണ് സാമൂഹ്യമായി തന്നെ വിലയിരുത്തുക. സമുദായങ്ങൾക്കകത്ത് മാറ്റമുണ്ടാകാൻ പ്രചോദനം നൽകിയതായിരുന്നു എസ്.എൻ.ഡി.പിയുടെ രൂപീകരണമെന്നും വിജയരാഘവൻ പറഞ്ഞു.
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടാകും എന്ന് എ. വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്ക് കടന്നുകയറ്റം നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നു കയറി ആർ.എസ്. എസുകാരെ വൈസ് ചാൻസലർമാരാക്കി. ഇത്തരം വി.സിമാർക്ക് പിന്തുണ നൽകുന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ വികസനത്തിൽ വിസ്മയം തീർത്ത സർക്കാരാണ് കേരളത്തിലുളളത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനെയും വർഗീയമാക്കി മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. എല്ലാവരും വർഗീയമായി ചിന്തിക്കാൻ ആർ.എസ്.എസ് ആഗ്രഹിക്കുന്നു. ഇതിനു യു.ഡി.എഫ് പിന്തുണ നൽകുന്നു. വർഗീയ ചേരിതിരിവുണ്ടായാൽ ഗുണം കിട്ടുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഹിന്ദു വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും സഹായിക്കുന്നുണ്ടെന്നും എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇടതുപക്ഷം അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. തീവ്ര വർഗീയതക്കെതിരായി ഇടതുപക്ഷം ജനങ്ങളെ അണിനിരത്തും. ബി.ജെ.പിയുടെ വളർച്ചയെ പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കഴിയുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

