മടങ്ങുമോ മാണി ഗ്രൂപ്, മോഹിപ്പിച്ച് യു.ഡി.എഫ്, ലക്ഷ്യം മധ്യകേരളം
text_fieldsജോസ് കെ.മാണി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തിന് പിന്നാലെ മുന്നണി വിപുലീകരണ ചർച്ചകളിലേക്ക് യു.ഡി.എഫ്. ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നാലെ തദ്ദേശത്തിലും നിറംമങ്ങിയ പ്രകടനത്തിൽ നിരാശരായ കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഉന്നമിട്ടാണ് നീക്കങ്ങളെല്ലാം. കനത്ത പ്രഹരമേറ്റ ഇടതുമുന്നണിയെ സംബന്ധിച്ച് ഘടക കക്ഷികളൊന്ന് ഈ ഘട്ടത്തിൽ വിട്ടുമാറുന്നത് ചെറുതല്ലാത്ത ആഘാതമാണ്. ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകൾക്ക് നടുവിൽ എതിരാളികളെ രാഷ്ട്രീയമായി കൂടുതൽ ദുർബലമാക്കാൻ കൂടിയാണ് യു.ഡി.എഫ് നീക്കങ്ങൾ.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് ദേശീയ ജനറല്സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിഷയത്തിൽ തുറന്ന സമീപനം സ്വീകരിച്ചപ്പോൾ പി.ജെ. ജോസഫ് മാത്രമാണ് മറുത്തൊരു നിലപാട് കൈക്കൊണ്ടത്. മാണി കോൺഗ്രസില്ലാതെ മത്സരിച്ചിട്ടും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മികച്ച മുന്നേറ്റം നടത്താൻ യു.ഡി.എഫിന് സാധിച്ചുവെന്നതാണ് ജോസഫിന്റെ പിടിവള്ളി. അതേസമയം, മാണി കോൺഗ്രസ് കൂടിയെത്തിയാൽ മധ്യകേരളത്തിൽ അത് കൃത്യമായ രാഷ്ട്രീയ സന്ദേശമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. മാത്രമല്ല, മധ്യകേരളം കൂടുതൽ ഭദ്രവുമാകും. എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി മാണി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. പഴയ തട്ടകമായ യു.ഡി.എഫിലേക്ക് മടങ്ങുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രവർത്തകരും പാർട്ടിയിലുണ്ട്.
നിലവിൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പുറമെ പറയുമ്പോഴും, യു.ഡി.എഫ് നേതാക്കളുമായുള്ള അനൗദ്യോഗിക ചർച്ചകൾക്ക് സന്നദ്ധമാണെന്ന സൂചനകളും പാർട്ടി കേന്ദ്രങ്ങളിൽ നിന്നുണ്ട്. നിയമസഭ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നൽകുന്ന ഉറപ്പായിരിക്കും ജോസ് കെ. മാണിയുടെ തീരുമാനം സ്വാധീനിക്കുക.
മനുഷ്യ-മൃഗ സംഘർഷങ്ങളടക്കം ജനകീയ വിഷയങ്ങൾ പ്രചാരണായുധമാക്കിയാണ് മലയോര കർഷകർ ഏറെയുള്ള നിലമ്പൂരിൽ കോൺഗ്രസ് പിടിമുറുക്കിയത്. ഗുരുതരമായ ഈ പ്രശ്നം അവഗണിച്ച് മുന്നോട്ട് പോകാൻ കേരള കോൺഗ്രസിന് സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

