കടന്നപ്പള്ളി വരുമോ, കണ്ണൂർ മാറുമോ?
text_fieldsരാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ: ഈ വരുന്ന മേയ് 24ന് മുഖ്യമന്ത്രി പിണറായി വിജയന് 81 വയസ്സ് തികയും. ശേഷം ഒരു മാസംകൂടി പിന്നിട്ടാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് 82 വയസ്സ് പൂർത്തിയാവും. എൽ.ഡി.എഫിനെ നയിക്കാൻ പിണറായി ധർമടത്ത് മൂന്നാമൂഴം തേടി മത്സരിക്കാനിറങ്ങാനാണ് സാധ്യത. അതേപോലെ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മൂന്നാമൂഴം തേടി രാമചന്ദ്രൻ കടന്നപ്പള്ളിയും മത്സരിക്കാനെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കടന്നപ്പള്ളി ആയതുകൊണ്ടുമാത്രമാണ് യു.ഡി.എഫ് കോട്ടയായ കണ്ണൂർ കടക്കാൻ കഴിയുന്നതെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ 26ാം വയസ്സിൽ കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഇ.കെ. നായനാരെ തോൽപിച്ച് തുടങ്ങിയ മത്സരം ഇനിയും തുടരുമോ എന്നതും ചോദ്യമാണ്. ഇടതുമുന്നണിയിൽ തുടരുവോളം കോൺഗ്രസ്-എസിന് ഒരു സീറ്റുണ്ടാവുമെന്നും അത് കണ്ണൂർ തന്നെയായിരിക്കുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നല്ലൊരു പിൻഗാമിയില്ലാത്തതിനാൽ മത്സരിക്കാൻ ആകെയുള്ളത് കടന്നപ്പള്ളി മാത്രവും. ഇദ്ദേഹം മത്സരിക്കാനില്ലെങ്കിൽ മാത്രം മണ്ഡലം സി.പി.എം ഏറ്റെടുത്തേക്കും. തദ്ദേശ തെരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ കോട്ടയെന്ന് ഒരിക്കൽകൂടി അരക്കിട്ടുറപ്പിച്ച കണ്ണൂർ മണ്ഡലം ഏറ്റെടുത്തിട്ടും വലിയ പ്രയോജനമില്ലെന്ന് സി.പി.എം നേതൃത്വത്തിനും അറിയാം. രണ്ടായിരത്തിൽ താഴെ വോട്ടിനാണ് കഴിഞ്ഞ തവണ കടന്നപ്പള്ളി ജയിച്ചുകയറിയത്.
ഇതെല്ലാം കണക്കുകൂട്ടിയാണ് ഇത്തവണ കോൺഗ്രസിന്റെ കരുനീക്കം. കെ. സുധാകരൻ, മുൻ മേയർ ടി.ഒ. മോഹനൻ തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തിൽ സജീവമായി കേൾക്കുന്നത്. എം.പിമാരെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചാൽ ടി.ഒ. മോഹനനാവും സാധ്യത. സാമുദായിക പരിഗണനകൂടി കണക്കിലെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഉയരുന്നുണ്ട്. എന്തായാലും യു.ഡി.എഫ് സാധ്യത മണ്ഡലങ്ങളിൽ മുൻനിരയിലുള്ള കണ്ണൂരിൽ ഇത്തവണ മത്സരം കനക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

