പൂർത്തിയാകുമോ..? വളക്കൈ-കൊയ്യം റോഡ്
text_fieldsവളക്കൈ - കൊയ്യം റോഡിലെ ആദ്യഘട്ട ടാറിങ്ങിൽ നിന്നൊഴിവാക്കിയ പാറക്കാടി പാലം ഭാഗം
ശ്രീകണ്ഠപുരം: ദുരിതയാത്രയിൽ പൊറുതിമുട്ടി ജനങ്ങൾ കാളവണ്ടിവരെയിറക്കി പ്രതിഷേധിച്ച വളക്കൈ - കൊയ്യം റോഡിന്റെ നവീകരണം വൈകുന്നു. കഴിഞ്ഞ മാർച്ചിൽ നിർമാണം തുടങ്ങിയ റോഡിന്റെ ആദ്യഘട്ട ടാറിങ് മാത്രമാണ് നടന്നത്. ഇതും എല്ലാ ഭാഗത്തും പൂർത്തിയായിട്ടില്ല. 8.5 കോടി രൂപ ചെലവിലാണ് നവീകരണം നടക്കുന്നത്. 9.9 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. വളക്കൈക്കും മദ്റസക്കും ഇടയിൽ മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗത്ത് 700 മീറ്റർ ദൂരം റോഡ് ഉയർത്തുകയും 10 കലുങ്കുകളും നിർമിക്കുകയും ചെയ്തിട്ടുണ്ട്.
വളക്കൈ മുതൽ പാറക്കാടി മില്ല് വരെയും ഇ.എം.എസ് വായനശാല മുതൽ കൊയ്യം ഖാദിവരെയും ആദ്യഘട്ട മെക്കാഡം ടാറിങ് ചെയ്തിട്ടുണ്ട്. ഇതിനിടയിലുള്ള ഭാഗത്ത് ടാറിങ് നടന്നിട്ടില്ല. കൊയ്യം ഖാദി മുതൽ വേളം വരെയുള്ള ഭാഗത്ത് നിലവിലുള്ള റോഡിനു മുകളിൽ റീടാറിങ് നടത്തുമെന്നാണ് എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്. ഈ ഭാഗത്ത് ഓവുചാലുകൾ ഉൾപ്പെടെ പണിത് നിലവാരമുള്ള രീതിയിൽതന്നെ നവീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് 80 ലക്ഷം രൂപ കൂടി അനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക ലഭിക്കാത്തതിനാലാണ് നിലവിൽ നിർമാണം നിലച്ചിരിക്കുന്നത്. ആദ്യഘട്ട ടാറിങ് നടന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങാനായിട്ടില്ല.
നേരത്തെ കൃത്യമായ രീതിയിലല്ല പണി നടക്കുന്നവളക്കൈ-കൊയ്യം റോഡ്തെന്നാരോപിച്ച് വളക്കൈ ചോലക്കുണ്ടത്ത് നാട്ടുകാർ പരസ്യ പ്രതിഷേധ സമരപരിപാടികൾപോലും നടത്തിയിരുന്നു. ആദ്യഘട്ടത്തിൽനിന്ന് ഒഴിച്ചിട്ട ഭാഗങ്ങളിലെല്ലാം പൊടിനിറഞ്ഞ സ്ഥിതിയിലാണ്. സ്കൂൾ കുട്ടികളും മദ്റസ വിദ്യാർഥികളും മറ്റ് യാത്രികരുമെല്ലാം ദുരിതത്തിലായിട്ടുണ്ട്.
നിർമാണം തുടങ്ങിയത് പ്രതിഷേധ സമരങ്ങൾക്കൊടുവിൽ
യാത്രാ ദുരിതം മൂലം ഏറെക്കാലം പൊറുതിമുട്ടിയ ഈ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ കാളവണ്ടിയിറക്കി പ്രതിഷേധിച്ചിരുന്നു. നന്നേ വീതി കുറഞ്ഞ ഈ റോഡിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ചെറുതും വലുതുമായ കുഴികളായിരുന്നു. റോഡിന്റെ ഭാഗമായ കൊയ്യം -ചെക്കിക്കടവ് പാലം തുറന്നതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ഏറെക്കാലമായി യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ റോഡ് തകർന്നിട്ടും അധികൃതർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 2021 നവംബർ ഒന്നിന് കണ്ണൂർ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് കാളവണ്ടി സമരം നടത്തിയത്. ഇതിനെല്ലാം ഒടുവിലാണ് റോഡ് നവീകരണം ആരംഭിച്ചത്. നിർമാണം തുടങ്ങി മാസങ്ങൾ കഴിഞ്ഞപ്പോൾ വൈദ്യുതി തൂണുകൾ മാറ്റാത്തതുകൊണ്ട് പ്രവൃത്തി മന്ദഗതിയിലായിരുന്നു. 8.5 കോടിയുടെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുക കൊണ്ട് വളക്കൈകൊണ്ട് വേളം വരെയുള്ള തൂണുകൾ മാറ്റാനാവില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞതോടെയാണ് പണി മന്ദഗതിയിലായത്. നാലു ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി ആദ്യം തയാറാക്കിയത്. പിന്നീട് 19 ലക്ഷമാക്കി കെ.എസ്.ഇ.ബി കുറച്ചാണ് പ്രശ്നം പരിഹരിച്ചത്. ചെങ്ങളായി പഞ്ചായത്തിൽ നിന്ന് കണ്ണൂർ ടൗൺ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്.

