പാലക്കാട്ട് സാമുദായിക വോട്ടുകൾക്ക് ഇളക്കംതട്ടുമോ ?
text_fieldsപാലക്കാട്: പാലക്കാട് മണ്ഡലത്തിലെ സാമുദായിക വോട്ടുനില നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണണം. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം മണ്ഡലത്തിൽ ഏകദേശം 65 ശതമാനം ഹൈന്ദവ വോട്ടർമാരും 25 ശതമാനം മുസ്ലിം വോട്ടർമാരും 10 ശതമാനം ക്രിസ്ത്യൻ വോട്ടർമാരും ഉണ്ടെന്നാണ് കണക്ക്. ഹൈന്ദവ വോട്ടുകളിൽ ഈഴവ, നായർ, പട്ടികജാതി വിഭാഗങ്ങളാണ് നിർണായകം. നഗരപ്രദേശങ്ങളിൽ നായർ വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്നു. പരമ്പരാഗതമായി എൽ.ഡി.എഫിനും ബി.ജെ.പിക്കും ഇടയിൽ ഈ വോട്ടുകൾ വിഭജിക്കപ്പെടാറുണ്ട്.
തങ്ങളുടെ ഉറച്ച വോട്ടുകൾക്ക് പുറമെ ഈഴവ വോട്ടുകളിൽ കൂടി ബി.ജെ.പി ലക്ഷ്യം വെക്കുമ്പോൾ മുന്നാക്ക സമുദായ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാവുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. എന്നാൽ, ഹിന്ദുവോട്ടിൽ ഇളക്കം തട്ടാതിരുന്നാൽ എൻ.എം.ആർ. റസാക്കിലൂടെ മുസ്ലിം വോട്ടുകൾ കൂടി കൂടുതൽ നേടി മണ്ഡലം പിടിച്ചെടുക്കാമെന്ന് ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു. ഹോട്ടൽ വ്യവസായി എന്ന നിലയിൽ വയനാട് ദുരന്തമടക്കമുള്ള സമയങ്ങളിൽ റസാക്ക് നടത്തിയ പ്രവർത്തനങ്ങളും സംഘടന സ്വാധീനവും മുതൽക്കൂട്ടാവുമെന്നാണ് ഇടതുപക്ഷം വിചാരിക്കുന്നത്.
നഗരസഭയിലെ ചില വാർഡുകളിലും മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലും മുസ്ലിം വോട്ടുകൾ നിർണായകമാണ്. ഇത് പ്രധാനമായും യു.ഡി.എഫിനും എൽ.ഡി.എഫിനും ഇടയിലാണ് മാറിമറിയാറുള്ളത്. പാലക്കാട് നഗരസഭ പരിധിയിലെ ഹൈന്ദവ വോട്ടുകൾ, പ്രത്യേകിച്ച് സവർണ വോട്ടുകൾ ബി.ജെ.പിയുടെ കരുത്താണ്. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഈ വോട്ടുബാങ്കിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ അവർക്ക് സാധിച്ചു. നഗരത്തിലെ അഗ്രഹാരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന തമിഴ് ബ്രാഹ്മണ വോട്ടുകളും ബി.ജെ.പിക്ക് വലിയ തോതിൽ അനുകൂലമാകാറുണ്ട്. എന്നാൽ, പിരായിരി പഞ്ചായത്തിലൂടെ യു.ഡി.എഫും മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലൂടെ എൽ.ഡി.എഫും ഇതിനെ മറികടക്കാമെന്ന് പ്രതീക്ഷ പുലർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

