കള്ളപ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധം തീർക്കും -സി.പി.എം
text_fieldsതിരുവനന്തപുരം: യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പാർട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍ വസ്തുതാ വിരുദ്ധ കാര്യങ്ങളാണ് കുറെ ദിവസമായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തെന്നാണ് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നൽകിയത്. സി.പി.എമ്മില്‍ ആര് നേതാവാകണം, എങ്ങനെ പ്രവര്‍ത്തിക്കണമെന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, മാധ്യമങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് പാര്‍ട്ടി നടത്തിയത്. പ്രവര്‍ത്തകര്‍ ബ്രാഞ്ച് യോഗങ്ങളില്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയാണ്. തെറ്റു പറ്റിയാല്‍ ഏതു നേതാവിനെയും വിമര്‍ശിക്കാനും തിരുത്താനും പാർട്ടിക്ക് കഴിയും. എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണ്. ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും സി.പി.എം തേടുന്നുണ്ട്.
പതിനായിരക്കണക്കിന് നിർദേശങ്ങളാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത്. ഇതുകൂടി പരിഗണിച്ച് ആഗസ്റ്റിൽ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ കര്‍മപദ്ധതിക്ക് രൂപംനല്‍കും. ഈ തിരുത്തല്‍ പ്രക്രിയക്ക് തുരങ്കം വെക്കാനും യു.ഡി.എഫ് സര്‍ക്കാറിനെതിരായ ജനരോക്ഷം മറച്ചുവെക്കാനുമാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്-എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

