സന്ദീപ് വാര്യർ ഇടപെടുന്നു; പാലക്കാട് നഗരസഭ ബി.ജെ.പിക്ക് നഷ്ടമാകുമോ?
text_fieldsപാലക്കാട്: പാലക്കാട് നഗരസഭ ബി.ജെ.പി കൗൺസിലർമാരുടെ അസംതൃപ്തി മുതലാക്കാനൊരുങ്ങുകയാണ് സന്ദീപ് വാര്യർ. തനിക്ക് ആത്മബന്ധമുള്ള ബി.ജെ.പിയിലെ അസംതൃപ്തരെ മുഴുവൻ ഇതിനകം സന്ദീപ് വാര്യർ ബന്ധപ്പെട്ടതായാണ് അറിയുന്നത്. ‘വെറുപ്പിന്റെ പ്രത്യയശാസ്ത്രം തള്ളിപ്പറയുന്നവർ അനാഥമാകില്ലെന്ന്’ സാമൂഹിക മാധ്യമങ്ങളിൽ സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കുറിച്ചിരിക്കയാണ്.
ഇത്തരം നീക്കത്തിന് കെ.പി.സി.സി നേതൃത്വത്തിൽ പൂർണപിന്തുണയുണ്ടെന്നാണ് അറിയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ അതൃപ്തരായി ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന 18 കൗൺസിലർമാരെയാണ് കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ജനപ്രതിനിധികൾക്ക് പോലും ബി.ജെ.പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും നഗരസഭ അധ്യക്ഷയുൾപ്പെടെ അതൃപ്തരായ മുഴുവൻ കൗൺസിലർമാരെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യരുടെ പുതിയ നീക്കം.
ഇതിനിടെ, ബി.ജെ.പിയിൽ രാജിവെച്ച വയനാട് ജില്ല മുൻ അധ്യക്ഷൻ കെ.പി. മധുവിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സന്ദീപ് വാര്യർ. നേരത്തെ ബി.ജെ.പിയിൽ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി ചർച്ച നടത്തിയത്. ഇടത്, വലത് മുന്നണികളിൽ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മാറുന്ന സാഹചര്യത്തിൽ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയിൽ ഗ്രൂപ് കളികൾ മാത്രമാണ് നടക്കുന്നതെന്ന് മധു പറഞ്ഞു. അഭിപ്രായവ്യത്യാസമുള്ളവരെ കേൾക്കാൻപോലും നേതൃത്വം തയാറാകുന്നില്ല. ഒമ്പതു മാസംമുമ്പാണ് മധുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടർന്നാണിത്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന. ക്രിസ്ത്യൻ സമുദായത്തിൽ സ്വാധീനമുറപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ, പിന്നീട് സംസ്ഥാന-ജില്ല നേതൃത്വം സംസാരിച്ചിട്ടില്ല. പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് നേതാക്കൾക്ക്. ഗ്രൂപ് കളിക്കാനും തമ്മിലടിക്കാനും ബി.ജെ.പി വേണമെന്നില്ലെന്നും മധു പറഞ്ഞു. പുതിയ നീക്കം പുറത്തറിഞ്ഞിട്ടും ബി.ജെ.പിയുമായി ബന്ധമുള്ളവരാരും ബന്ധപ്പെട്ടിട്ടില്ലെന്നും മധു കൂട്ടിച്ചേർത്തു.

