വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഒപ്പുവെക്കണമെന്ന് മന്ത്രിമാർ; പരിശോധിച്ച് നടപടിയെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിൽ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഗവർണറെ കണ്ടു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ, നിയമ മന്ത്രി പി. രാജീവ് എന്നിവരാണ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ബില്ല് പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാമെന്ന് ഗവർണർ അറിയിച്ചതായി രാജീവും ശശീന്ദ്രനും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
1972ൽ വന്യജീവി സംരക്ഷണ നിയമം കൊണ്ടുവരുമ്പോൾ വനവും വന്യജീവി സംരക്ഷണവും സംസ്ഥാന പട്ടികയിലായിരുന്നു. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് ഇത് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി. വന്യജീവി പ്രശ്നത്തിൽ ഉദ്യോഗസ്ഥർക്ക് സത്വര നടപടി സ്വീകരിക്കാൻ കഴിയാത്തതിനാലാണ് ഭേദഗതിക്കുള്ള നിയമസഭയുടെ അധികാരം പ്രയോജനപ്പെടുത്തിയത്. നാടിന്റെ പൊതുവായ ആവശ്യമാണ് നിയമത്തിലൂടെ കൊണ്ടുവരാൻ ശ്രമിച്ചതെന്നും ഇരുവരും പറഞ്ഞു.
മനുഷ്യ ജീവന് ഭീഷണിയായി ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ല് കഴിഞ്ഞ സമ്മേളനത്തിലാണ് നിയമസഭ പാസാക്കിയത്. മനുഷ്യനെ കൊലപ്പെടുത്തിയാലും ആ മൃഗത്തെ ജീവന് ഭീഷണിയാകാത്ത തരത്തിൽ മയക്കുവെടിവെച്ച് പിടികൂടി മറ്റൊരിടത്ത് വിടണമെന്നതാണ് നിലവിലെ കേന്ദ്ര നിയമം. ഇതിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

