വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം പരിഗണനയിലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിനല്‍കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ആശ്രിത നിയമനം കൊടുക്കാന്‍ കഴിയുമോയെന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവരുകയാണെന്നും വാഴൂര്‍ സോമന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. വന്യജീവി ആക്രമണത്തില്‍ മരിച്ച ചിലരുടെ ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്‍കിയിരുന്നു. എന്നാല്‍, ഇത്തരം ആക്രമണത്തിനിരയാകുന്നവരുടെ ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്കാന് സര്‍ക്കാറിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. ഇതാണ് ചര്‍ച്ച ചെയ്തുവരുന്നത്. പീരുമേട്ടിലെ വനം വകുപ്പ് ഓഫിസുകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി വനം ഓഫിസുകള്‍ പീരുമേട്ടില്‍ നിന്ന് അകലെയാണ് സ്ഥിതി ചെയ്യുന്നത്. പുനഃസ്ഥാപന നടപടികള്‍ സ്വീകരിക്കുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മായിലിന്റെ ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് വാഴൂര്‍ സോമന് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം വർധിപ്പിക്കുന്നത് പരിശോധനയിൽ -മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന നഷ്ടപരിഹാര തുക കാലോചിതമായി വർധിപ്പിക്കുന്നത് പരിശോധനയിലാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യ-വന്യജീവി സംഘർഷത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ അവകാശികൾക്ക് നിലവിൽ 10 ലക്ഷം രൂപയാണ് നൽകിവരുന്നത്. വനത്തിന് പുറത്തുവെച്ച് പാമ്പുകടിയേറ്റും തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റുമുണ്ടാകുന്ന ജീവനഹാനിക്ക് രണ്ടു ലക്ഷം രൂപയും. 2023-24 വർഷം നഷ്ടപരിഹാരമായി ആകെ 21.79 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 74.51 ലക്ഷം രൂപ കേന്ദ്ര വിഹിതമാണ്. വന്യജീവി സംഘർഷ ബാധിതർക്ക് നൽകുന്ന നഷ്ടപരിഹാര രീതി പരിഷ്കരിക്കുന്നതിനായി തയാറാക്കിയ പ്രപ്പോസൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
എട്ടുവർഷത്തിനിടെ, സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷത്തിൽ കൊല്ലപ്പെട്ടത് 774 പേരാണ്. ഇതിൽ 516 പേരും മരിച്ചത് വനത്തിന് പുറത്തുവെച്ചുള്ള പാമ്പുകടി മൂലമാണ്. കടുവ ആക്രമണത്തിൽ അഞ്ചുവർഷത്തിനിടെ, അഞ്ചുപേർ മരിച്ചു. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മനുഷ്യ-വന്യജീവി സംഘർഷം മൂലം മരണനിരക്ക് കുറഞ്ഞുവരുന്നതായി കാണാം. വന്യജീവി സംഘർഷ ബാധിതപ്രദേശങ്ങളായി കണ്ടെത്തിയത് 273 തദ്ദേശസ്ഥാപനങ്ങളെയാണ്. ഇതിൽ 30 ഇടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

