വന്യജീവി ആക്രണം: സർക്കാർ നിസംഗരാണെന്ന് വി.ഡി. സതീശൻ
text_fieldsചാലക്കുടി: വന്യജീവി ആക്രണത്തിൽ സർക്കാർ നിസംഗരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വർഷം മാത്രം 18 പേരുടെ ജീവൻ വന്യജീവി ആക്രമണത്തിൽ നഷ്ടമായി. ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പറയുക മാത്രമാണ് വനം മന്ത്രി ചെയ്യുന്നത്. എന്നാൽ ഒരു പരിഹാരവും ഉണ്ടാകുന്നില്ല.
ഏറ്റവും കൂടുതൽ ആന ശല്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് കൊടുത്ത് നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ തിരിച്ചോടിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കണം. പക്ഷേ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ ആയിരത്തിലധികം ആളുകൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. എണ്ണായിരത്തിൽ അധികം ആളുകൾക്ക് പരിക്ക് പറ്റി.
ജില്ലാ കലക്ടർ പോലും സ്ഥലത്ത് എത്തിയിട്ടില്ല. അത്ര വലിയ കൊമ്പത്തെ ഉദ്യോഗസ്ഥനാണോ ജില്ലാ കളക്ടറെന്ന് വി.ഡി സതീശൻ ചോദിച്ചു. പാവപ്പെട്ടവരിൽ പാവപ്പെട്ട മനുഷ്യരാണ് ഇരകൾ. അവരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാളില്ല. സർക്കാരിൻറെ നിസംഗത അതിൻ്റെ പാരമ്യത്തിലാണ്. ഒരു കാരണവശാലും അത് അനുവദിക്കാനാകില്ല.
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. കേരളത്തിലെ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല. എന്തിനാണ് വനം മന്ത്രി ആ കസേരയിൽ ചാരി ഇരിക്കുന്നത്? അതിന് മുകളിൽ മുഖ്യമന്ത്രി ഇല്ലേ? സർക്കാർ പൂർണ ഉത്തരവാദിത്തം ഇല്ലായ്മയാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.