Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിലെ റിസോര്‍ട്ടുകളില്‍ രാത്രി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രിക്കും; റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കരുത്

text_fields
bookmark_border
വയനാട്ടിലെ വന്യജീവി ആക്രമണം: ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
വയനാട്ടിലെ റിസോര്‍ട്ടുകളില്‍ രാത്രി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രിക്കും; റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കരുത്
cancel

തിരുവനന്തപുരം: വയനാട്ടില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ രാത്രി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ ജില്ലയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പറഞ്ഞു. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പട്രോളിങ് ശക്തിപ്പെടുത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വനവല്‍ക്കരണം നടത്തണമെന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ യോഗം വിലയിരുത്തി. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും അതില്‍ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി. ഇത്തരം യോഗങ്ങള്‍ കൃത്യമായി ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യു, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തണം. ഇവരുള്‍പ്പെടുന്ന വാര്‍ റൂം സജ്ജമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപവത്കരിക്കും. ആർ.ആർ.ടികള്‍ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നല്‍കാനാകണം. റേഡിയോ, കമ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കണം.

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായി. വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതി നല്‍കിക്കഴി‍ഞ്ഞു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപവത്കരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഒരു സ്പെഷല്‍ ഓഫിസറെ വയനാട് ജില്ലയില്‍ നിയമിക്കും. വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ കലക്ടര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം. വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്കരിക്കണം. ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.

ജനവാസ മേഖലകളില്‍ വന്യജീവി വന്നാല്‍ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടര്‍ക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് രക്ഷ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. നിലവിലുള്ള കിടങ്ങുകൾ, വൈദ്യുതവേലികൾ എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം. ഫെന്‍സിങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപവത്കരിക്കും. കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആലോചിക്കണം. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് പോകുന്നവര്‍ക്കുള്ള സഹായം ആലോചിക്കും.

യോഗത്തില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കെ. രാജന്‍, എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗാ സിങ്, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനല്‍ കുമാര്‍, അ‍ഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, വയനാട് കലക്ടര്‍ രേണു രാജ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ബാലകൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wildlife attack in Wayanad: Chief Minister held a discussion with the representatives of the district
Next Story