വന്യജീവി ആക്രമണം; പാലപ്പിള്ളി മേഖലയിൽ കാമറകൾ സ്ഥാപിച്ചു
text_fieldsആമ്പല്ലൂർ: വന്യജീവികളുടെ ആക്രമണം പതിവായ പാലപ്പിള്ളി മേഖലയിൽ വനംവകുപ്പിന്റെ എ.ഐ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനുമായി വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ അഞ്ചിടത്താണ് കാമറകൾ സ്ഥാപിച്ചത്.
കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നനുവദിച്ചതാണ് തുക. പാലപ്പിള്ളി ചക്കിപ്പറമ്പ് ആദിവാസി ഉന്നതി പ്രദേശത്ത് മൂന്നിടത്ത് കാമറകളുണ്ട്. കൂടാതെ കവരമ്പിള്ളി, പിള്ളത്തോട് എന്നിവിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാമറകൾ ഏകദേശം 70 മുതൽ 80 മീറ്റർ അകലെ വന്യമൃഗങ്ങളെത്തിയാൽ തിരിച്ചറിയുകയും വിഡിയോ പകർത്തുകയും ചെയ്യും.
ദൃശ്യങ്ങൾ ചാലക്കുടിയിലെ ഡിവിഷണൽ ഓഫിസിൽ 24 മണിക്കൂറും സജ്ജമായ കൺട്രോൾ റൂമിൽ ലഭിക്കും. ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ടെലഗ്രാം ഗ്രൂപ്പുകൾ വഴി സന്ദേശം ലഭിക്കും. കാമറകൾ പ്രവർത്തിക്കുന്നത് സോളാറിൽ ആണെങ്കിലും വയർലെസ് ഫ്രീക്വൻസി വഴി സന്ദേശങ്ങൾ അയക്കുന്നതിനാൽ മൊബൈൽ ഡാറ്റ ആവശ്യമായി വരില്ല. റെക്കോഡ് ചെയ്ത ദൃശ്യങ്ങൾ ആറുമാസത്തോളം ബാക്കപ്പ് ചെയ്ത് സൂക്ഷിക്കാനും കഴിയും.
പാലപ്പിള്ളി റെയ്ഞ്ച് ഓഫിസിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ കാമറകളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഷീല ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ഫവാസ്, പാലപ്പിള്ളി റേഞ്ച് ഓഫിസർ പി.ഡി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.

