വന്യജീവികളുടെ സാന്നിധ്യം അറിയിക്കാൻ മുന്നറിയിപ്പ് സംവിധാനം
text_fieldsആമ്പല്ലൂർ: പാലപ്പിള്ളി, വെള്ളിക്കുളങ്ങര വന മേഖലയിൽ കാട്ടാനകൾ ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നത് സംബന്ധിച്ച് കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, തൃശൂർ സി.സി.എഫ് ആർ. അടലരശൻ, ചാലക്കുടി ഡി.ഫ്.ഒ വെങ്കിടേശ്വർ, പാലപ്പിള്ളി-വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസർമാർ, വിവിധ പ്ലാന്റേഷൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം തടയാനാവശ്യമായ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ചാലക്കുടി ഡി.എഫ്.ഒ അവതരിപ്പിച്ചു.
പ്ലാന്റേഷൻ കമ്പനികൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ അടിക്കാടുകൾ വെട്ടിമാറ്റാൻ നടപടികൾ സ്വീകരിച്ചതായി പ്ലാന്റേഷൻ പ്രതിനിധികൾ അറിയിച്ചു. ഈ പ്രവർത്തനം കാലതാമസം കൂടാതെ പൂർത്തിയാക്കാൻ എം.എൽ.എ നിർദേശിച്ചു. ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച വനമിത്ര പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു.
വന്യജീവികളുടെ സാന്നിധ്യം അറിയിക്കുന്ന വാട്സ്ആപ്പ് ചാനൽ അലാം സിസ്റ്റം, എസ്.എം.എസ് അലാം സിസ്റ്റം എന്നിവ നടപ്പാക്കും. പട്രോളിങ് കാര്യക്ഷമമാക്കും. ഡ്രോണുകൾ ഉപയോഗപ്പെടുത്തി നിരീക്ഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. തകർന്ന സൗരോർജ വേലികൾ മാറ്റി സ്ഥാപിക്കാനും പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങളെ സംബന്ധിച്ചും റിപ്പോർട്ട് തയാറാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കും.
വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ, വന്യജീവി ആക്രമണങ്ങൾ രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ച് പരിഹാര നടപടികളെ സംബന്ധിച്ച റിപ്പോർട്ട് മാർച്ച് അഞ്ചിനകം തയാറാക്കി സമർപ്പിക്കും. വന്യജീവി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ട്രെഞ്ചിങ്, സൗരോർജ വേലി സ്ഥാപിക്കൽ ഉൾപ്പെടെയുള്ള സുരക്ഷ നടപടികൾക്കായി എസ്റ്റിമേറ്റ് തയാറാക്കി നബാർഡ് ഫണ്ട് ഉൾപ്പെടെയുള്ള ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

