മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; കരക്കെത്തിക്കാൻ ശ്രമം തുടങ്ങി വനം വകുപ്പ്
text_fieldsഓടക്കയം കൂരങ്കല്ല് സണ്ണിയുടെ കിണറിൽ വീണ കാട്ടാന (ഫോട്ടോ: അരീക്കോട് യാസീൻ)
മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പും പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്‍റെ ഒരുഭാഗം ഇടിച്ച് ആനെ പുറത്തെത്തിക്കാനാണ് ശ്രമം.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ് സംഭവം. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൂട്ടത്തെ തുരുത്തിയോടിക്കാൻ പ്രദേശവാസികൾ ശ്രമം തുടങ്ങി. ഇതേതുടർന്ന് കാട്ടാനകൂട്ടം തിരികെ പോകുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ ആന വീഴുകയായിരുന്നു.
ആന ഇറങ്ങിയ വിവരം പഞ്ചായത്ത് വാർഡ് അംഗം പി.എസ്. ജിനേഷ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേതുടർന്ന് നിലമ്പൂരിൽ നിന്ന് ആർ.ആർ.ടിയും കൊടുമ്പുഴയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും ആന കിണറ്റിൽ വീണിരുന്നു.
ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായില്ല. ആനയെ പ്രദേശത്തേക്ക് തുറന്നുവിടരുതെന്നും മയക്കുവെടിവച്ച് ഉൾവനത്തിലേക്ക് മാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

