സ്കൂൾവിട്ട് വീട്ടിലേക്ക് പോയ കുട്ടികളുടെ വഴിതടഞ്ഞ് കാട്ടാനക്കൂട്ടവും ഒറ്റയാനും; സംഭവം ഇടുക്കി പന്നിയാറിൽ
text_fieldsപന്നിയാറിൽ നിന്ന് കോഴിപ്പനക്കൊടിയിലേക്കുള്ള റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം
അടിമാലി: സ്കൂൾവിട്ട് വീട്ടിലേക്ക് പോയ കുട്ടികളുടെ വഴി തടഞ്ഞ് കാട്ടാനക്കൂട്ടവും ഒറ്റയാനും. ശാന്തൻപാറ കോഴിപ്പനക്കുടിയിലെ രവിയുടെ മക്കളായ പവിത്ര, രഞ്ജിത്ത്, രാജപ്രഭുവിന്റെ മകൻ കാർത്തി എന്നിവരാണ് കാട്ടാനകൾ റോഡിലിറങ്ങിയത് മൂലം വീട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായത്. സേനാപതിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.
പന്നിയാർ വരെ സ്കൂൾ ബസിൽ എത്തിയ ശേഷം ഒന്നര കിലോമീറ്റർ നടന്നു വേണം ഇവർക്ക് കോഴിപ്പനക്കുടിയിലെ വീട്ടിലെത്താൻ. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും പ്രദേശത്ത് അഞ്ച് പിടിയാനകളുടെ കൂട്ടവും ചക്കക്കൊമ്പനും ഉണ്ടായിരുന്നു. വൈകുന്നേരം കുട്ടികൾ പന്നിയാറിൽ എത്തും മുൻപ് റോഡിൽ കാട്ടാനയുണ്ടോ എന്ന് അന്വേഷിക്കാൻ പോയ കോഴിപ്പനക്കുടി സ്വദേശികളും ഇവരുടെ ബന്ധുക്കളുമായ ജയകുമാർ, കണ്ണൻ എന്നിവരെ കാട്ടാനക്കൂട്ടം ഓടിച്ചിരുന്നു. കഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്.
വൈകിട്ട് നാലരയോടെ പന്നിയാറിൽ എത്തിയ കുട്ടികളുടെ വഴിമുടക്കി കാട്ടാനക്കൂട്ടം റോഡിൽ തന്നെ നിലയുറപ്പിച്ചു. നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളംവച്ചും കാട്ടാനകളെ തുരത്തിയ ശേഷം ആറരയോടെയാണ് കുട്ടികൾ വീടുകളിൽ എത്തിയത്. കോഴിപ്പനക്കുടിയിൽ നിന്നും ഒരു കിലോമീറ്റർ അധികം ദൂരെയുള്ള പന്തടിക്കളത്താണ് അംഗൻവാടിയുള്ളത്. കാട്ടാനകളെ പേടിച്ച് കോഴിപ്പനക്കുടിയിലെ കുട്ടികളാരും അംഗൻവാടിയിൽ പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

