മലക്കപ്പാറയിൽ സ്വകാര്യ ബസ് തടഞ്ഞ കാട്ടാന ഭീതി പരത്തി
text_fieldsഅതിരപ്പിള്ളി: മലക്കപ്പാറയിൽ റോഡിന് നടുവിൽ സ്വകാര്യ ബസ് തടഞ്ഞ കാട്ടാന ഭീതി പരത്തി. വാൽപ്പാറയിൽനിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ട ‘ചീനിക്കാസ്’ ബസിന് മുന്നിലാണ് ആന നിലയുറപ്പിച്ചത്. രാവിലെ പത്തോടെ ആനക്കയം ഭാഗത്ത് വളവിൽ നിലയുറപ്പിച്ച കാട്ടാനയെ കാണാതെ ബസ് പെട്ടെന്ന് മുന്നിൽപെടുകയായിരുന്നു.
ഡ്രൈവർ ബിജു പെട്ടെന്ന് ബ്രേക്കിട്ടതിനാൽ മാത്രമാണ് ആനയെ ഇടിക്കാതിരുന്നത്. ബൈക്കിലെത്തിയ വ്ലോഗർമാരുടെ ബഹളമാണ് ആനയെ വിറളി പിടിപ്പിച്ചത്. അൽപനേരം കഴിഞ്ഞ് ആന റോഡിന് വശത്തേക്ക് തിരിഞ്ഞപ്പോൾ ബസ് മുന്നോട്ടെടുത്തു. ഇതോടെ ബസിന് പിന്നാലെ പാഞ്ഞെത്തി. എന്നാൽ, റോഡിൽ വഴിമുടക്കി നിൽക്കുന്ന വ്ലോഗർമാരുടെ തടസ്സം കാരണം ബസ് മുന്നോട്ടെടുക്കാനായില്ല. പക്ഷേ, പിന്നാലെയെത്തിയ ആന ബസിനെ ആക്രമിക്കാതെ പിൻവാങ്ങുകയായിരുന്നു.

