കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
text_fieldsകോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാന
കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റിൽ വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് 15 വയസ് പ്രായമുള്ള ആന ഞായറാഴ്ച പുലർച്ചെ വീണത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്.
നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു. ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്.എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ അത്തരത്തിലുള്ള ഉറപ്പുകള്‍ ആവശ്യമില്ലെന്നും ശക്തമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
എറണാകുളം ജില്ലയിൽ ഏറ്റവുമധികം കാട്ടാന ശല്യമുള്ള ഭാഗങ്ങളിലൊന്നാണ് കോട്ടപ്പടി. നിരവധി തവണ കാട്ടാനകൾ ഇത്തരത്തിൽ ഈ പ്രദേശത്ത് കിണറ്റിൽ വീണിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇത് രണ്ടാമത്തെ സംഭവമാണ്. കുടിവെള്ളത്തിനുൾപ്പെടെ കുടുംബം ആശ്രയിക്കുന്ന കിണറിലാണ് ആന വീണിരിക്കുന്നത്.
ജനപ്രതിനിധികൾ സ്ഥലത്തെത്തണമെന്നും മതിയായ നഷ്ടപരിഹാരം നൽകി കിണർ പഴയതുപോലെ ആക്കി കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിച്ച് ചർച്ചയിലൂടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

