മണിക്കൂറുകൾക്കിടെ വീണ്ടും ജീവനെടുത്ത് കാട്ടാന; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; നാട്ടുകാർ പ്രതിഷേധത്തിൽ
text_fieldsഅടിമാലി: ഇന്നലെ വൈകീട്ട് പാലക്കാട് അട്ടപ്പാടിയിൽ വിനോദസഞ്ചാരിയായ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് ഇടുക്കിയിലും കാട്ടാനക്കലി. കൃഷിക്ക് കാവലിരുന്ന മധവയസ്കനെ കാട്ടാന കൊന്നു. പന്നിയാർ സ്വദേശി പി.വി. വിജയനാണ് (47) കൊല്ലപ്പെട്ടത്.
ഏലത്തോട്ടത്തിൽ കാട്ടാന കയറാതിരിക്കാൻ കാവൽ നിൽക്കുകയായിരുന്നു വിജയൻ. ഇതിനിടെയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇവിടെ ഒരാഴ്ചക്കിടെ രണ്ടാമത്തെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിയുന്നത്. ഇതോടെ മൂന്നുമാസത്തിനിടെ നാലുപേരാണ് മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്. വനം വകുപ്പിന്റെ അനാസ്ഥയാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറാതെ നിൽക്കാൻ കാരണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അട്ടപ്പാടി ഭവാനിപ്പുഴയിലാണ് കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചത്. മണ്ണാർക്കാട് നായാടിക്കുന്ന് ഉപ്പോടൻ വീട്ടിൽ ഹംസയുടെ ഭാര്യ ബുഷറ(52) ആണ് മരിച്ചത്.
മണ്ണാർക്കാട് നിന്ന് വിനോദയാത്രക്ക് വന്നതായിരുന്നു ഇവർ. അട്ടപ്പാടി താവളം തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയപ്പോൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.
കാട്ടാന ഇറങ്ങിയതായി വനംവകുപ്പ് ദ്രുതകർമ സേന മുന്നറിയിപ്പ് നൽകിയിരുന്നതായും വിനോദസഞ്ചാരികൾ ഇവിടെ നിന്ന് മാറുന്നതിന് മുമ്പ് ആന ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നില വഷളാവുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

