കാട്ടാനയുടെ ആക്രമണം: ടാപ്പിങ് തൊഴിലാളി സ്ത്രീക്ക് പരിക്കേറ്റു
text_fieldsപാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി രജനിയെ
ആശുപത്രിയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ സന്ദർശിക്കുന്നു
ആമ്പല്ലൂർ: പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. പാലപ്പിള്ളി കണ്ണമ്പിള്ളി സുബിയുടെ ഭാര്യ രജനിക്കാണ് (36) പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ ആറരയോടെ പിള്ളത്തോട് പാലത്തിന് സമീപത്തുള്ള ജ്യുങ്ടോളി റബർ എസ്റ്റേറ്റിലാണ് സംഭവം. കൈക്കും ഷോൾഡറിനും പരിക്കേറ്റ രജനിയെ വനപാലകരും പഞ്ചായത്തംഗം എം.ബി. ജലാലും ചേർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രജനിയും സുഹൃത്തായ സുമയും സമീപത്തുള്ള ബ്ലോക്കിലേക്ക് ടാപ്പിങ്ങിനായി നടന്നുപോകുമ്പോഴായിരുന്നു കൂട്ടം തെറ്റിയെത്തിയ കാട്ടാനയുടെ ആക്രമണം. തോട്ടത്തിലെ റോഡിലൂടെ പാഞ്ഞുവന്ന ആനയെ കണ്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പികൈ കൊണ്ട് രജനിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പത്തടിയോളം മാറിയാണ് രജനി വീണത്. അഞ്ച് ആനകളിൽ ഒരെണ്ണമാണ് കൂട്ടംതെറ്റി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞടുത്തത്.
ചിന്നം വിളിച്ച് കുതിച്ചുവന്ന ആനയെ കണ്ട് തോട്ടത്തിലെ തൊഴിലാളികളെല്ലാം ചിതറിയോടി. ഇതിനിടയിലാണ് രജനി ആനയുടെ മുമ്പിൽപ്പെട്ടത്.17 തൊഴിലാളികളാണ് ഈ സമയത്ത് തോട്ടത്തിന്റെ പലയിടങ്ങളിലായി ജോലി ചെയ്തിരുന്നത്. ഇവർ എത്തിയാണ് ആനയെ ഓടിച്ചുവിട്ടത്.
പുലർച്ചെ മുതൽ തോട്ടത്തിന്റെ പരിസരത്ത് ആനകൾ ഉണ്ടെന്നറിഞ്ഞതോടെ വനപാലകർ സ്ഥലത്തുണ്ടായിരുന്നു. നേരം വൈകി ടാപ്പിങ്ങിനിറങ്ങിയാൽ മതിയെന്നായിരുന്നു വനപാലകരുടെ നിർദേശം. കുറച്ചുനാളുകൾക്ക് ശേഷമാണ് മേഖലയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജീവൻ പണയപ്പെടുത്തി പണിയെടുക്കുന്നവർക്ക് ആനശല്യത്തിൽ നിന്ന് സംരക്ഷണം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

