മതിൽ ചാടിക്കടന്ന കാട്ടാന രണ്ട് ജീപ്പുകൾ തകർത്തു; കാന്തല്ലൂരിൽ ജനം ഭീതിയിൽ
text_fieldsകാന്തല്ലൂർ ഗുഹനാഥപുരത്ത് കാട്ടാന തകർത്ത ജീപ്പുകൾ, കൃഷിത്തോട്ടത്തിൽ തമ്പടിച്ച ഒറ്റയാൻ
മറയൂർ: ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പെരുമല സ്വദേശി രാമകൃഷ്ണന്റെയും ഗുഹനാഥപുരം സ്വദേശി രവിയുടെയും ജീപ്പുകളാണ് തകർന്നത്.
ഗുഹനാഥപുരം ഭാഗത്ത് കഴിഞ്ഞ രാത്രി മുതൽ തമ്പടിച്ചിരുന്ന മൂന്ന് കാട്ടാനകളിൽ ഒന്നാണ് പുലർച്ചെ പറമ്പിൽ നിന്ന് മതിൽ ചാടിക്കടന്ന് റോഡിലേക്ക് എത്തിയപ്പോൾ ജീപ്പുകൾക്ക് നേരെ തിരിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തിൽ വാഹനങ്ങളുടെ മുൻഭാഗം ഉൾപ്പെടെ തകർന്നു.
വാഹനങ്ങൾ തകർക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. തുടർന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ ജനവാസമേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി കാന്തല്ലൂർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. സ്കൂൾ പരിസരങ്ങളിലും സമീപത്തെ കൃഷിയിടങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ ആശങ്കയിലാണ്. ആർ.ആർ.ടി സംഘം കാട്ടാനകളെ തുരത്താൻ ശ്രമിച്ചു വരുന്നുണ്ടെങ്കിലും പ്രശ്നത്തിന് ഫലപ്രദമായ പരിഹാരമുണ്ടായിട്ടില്ല.
കാട്ടാനകൾ ജനവാസ മേഖലയിലും റോഡുകളിലും ഇറങ്ങുന്നത് പതിവായ സാഹചര്യത്തിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ കാർഷിക വിളകളും വീട്ടുപകരണങ്ങളും തകർക്കുന്നത് പതിവായതോടെ ജീവൻ പണയം വെച്ചാണ് തോട്ടം തൊഴിലാളികളും കർഷകരും ഇവിടെ കഴിയുന്നത്.
മേഖലയിൽ കാട്ടാനകൾ വീണ്ടും തിരിച്ചെത്താൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി മറയൂർ ചന്ദന വനഡിവിഷനിൽ മനുഷ്യ –വന്യജീവി സംഘർഷം കുറക്കുന്നതിനും വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനുമായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

