കാട്ടാനയുടെ ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
text_fieldsനിലമ്പൂർ: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്പുഴ.
2019ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്.
ചങ്ങാടം പോലും ഇല്ലാത്ത അവസ്ഥയാണ്. നിലവിൽ മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. ജനങ്ങൾ നിരവധി തവണ പ്രതിഷേധിച്ചിട്ടും ആക്രമണം തടയാൻ ഒരു മുൻകരുതലും സ്വീകരിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്.
സ്ഥലത്തേക്ക് ഫയർഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, യുവാവിന്റെ മരണത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മൃതദേഹം പുറത്തെത്തിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം കൂടി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

