കാട്ടാന ആക്രമണത്തിൽ മരണം: ആറളത്ത് ഇന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മിന്നൽ ഹർത്താൽ
text_fieldsകേളകം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്തിൽ മിന്നൽ ഹർത്താൽ. ആറളം ഫാം പുനരധിവാസ മേഖല പത്താം ബ്ലോക്കിലെ കോരന്റെ മകൻ രഘു(43)വിനെയാണ് ഇന്നലെ കാട്ടാന ചവിട്ടിക്കൊന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകീട്ട് 4 മണി വരെ ആറളം പഞ്ചായത്ത് പരിധിയിലാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മുന്നണിയുടെ ആറളം പഞ്ചായത്ത് കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുമണി വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറുമുതൽ വൈകീട്ട് മൂന്നുവരെയാണ് ബി.ജെ.പി ഹർത്താൽ. പേരാവൂർ നിയോജക മണ്ഡലത്തിൽ കരിദിനത്തിനും പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി പാർട്ടി അറിയിച്ചു.
വെള്ളിയാഴ്ച ഉച്ച ഒന്നരയോടെയാണ് സുഹൃത്തിനോടൊപ്പം വിറക് ശേഖരിക്കാൻ പോകുമ്പോൾ വീടിനു സമീപത്ത് രഘു ആനയുടെ മുന്നിൽപ്പെട്ടത്. ഫാമിന്റെ അതിർത്തിയിൽ വന്യജീവി സങ്കേതം കടന്നെത്തിയ കാട്ടാനയാണ് രഘുവിന്റെ ജീവനെടുത്തത്.
വനം വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് വിഭാഗം ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം ആംബുലൻസിൽ പരിയാരത്തേക്ക് നീക്കാനുള്ള പൊലീസിന്റെ നീക്കത്തിനിടെ കാട്ടാന ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായി.
ആറളം ഫാമിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു പേരാണ് കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ എട്ടുവർഷത്തിനിടെ ആറളം ഫാമിലും സമീപ പ്രദേശങ്ങളിലുമായി കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി.
ശനിയാഴ്ച പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ആറളം ഫാമിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: പരേതയായ ബീന. മക്കൾ: രഹിന, രഞ്ജിനി, വിഷ്ണു.