കോന്നിയിൽ കാട്ടാന ചെരിഞ്ഞ സംഭവം: കൈതത്തോട്ടം ഉടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്
text_fieldsപത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ കൈതത്തോട്ടം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാട്ടാന ചെരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്ചേചതിനെ തുടർന്നാണ് കേസെടുത്തത്. കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു.
നടുവത്ത്മൂഴി വനമേഖലയിൽ രണ്ടുമാസത്തിനുള്ളിൽ മൂന്ന് കാട്ടാനകളാണ് ചരിഞ്ഞത്. സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റത് എന്നാണ് പറഞ്ഞതെങ്കിലും അതല്ല എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വേലിയിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തി എന്ന് ആക്ഷേപമുയർന്നിരുന്നു. ജഡം കണ്ടെത്തിയതിന് പിന്നാലെയുള്ള നടപടിക്രമങ്ങൾ വൈകിപ്പിച്ച് എന്നായിരുന്നു ആക്ഷേപം. സ്വകാര്യ തോട്ടത്തിലെ സൗരോർജ വേലിയിൽ നിന്ന് ആനക്ക് ഷോക്കേറ്റ് എന്നായിരുന്നു ആദ്യ നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം കേസെടുത്തു അന്വേഷണം ഊർജിതമാക്കുമെന്നും കോന്നി ഡി.എഫ്.ഒ അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
വർഷങ്ങൾക്കുമുൻപ് തണ്ണിത്തോട് ഇലവുങ്കലിനുസമീപം അഞ്ചാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞിരുന്നു. മൂഴിയാർ, ഇടമൺ 220 കെ.വി വൈദ്യുതിലൈനിൽനിന്നുമാണ് കാട്ടാനകൾക്ക് ഷോക്കേറ്റത്. വെള്ളംതേടി പുറത്തേക്ക് കാട്ടിൽനിന്നുംവന്ന ആനക്കൂട്ടം പന മറിച്ചിടുന്നതിനിടയിൽ വൈദ്യുതിലൈനിൽ തട്ടിയാണ് ഷോക്കേൽക്കുന്നത്. കുട്ടിയാന അടക്കമായിരുന്നു അഞ്ച് കാട്ടാനകൾ. വനംവകുപ്പ് പോസ്റ്റുമോർട്ടം നടത്തി കാട്ടിൽത്തന്നെ മറവുചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

