വീണ്ടും പടയപ്പയുടെ പരാക്രമം; വനിത മേക്കപ് ആർട്ടിസ്റ്റിന്റെ ഇടുപ്പെല്ല് ഒടിഞ്ഞു
text_fieldsമറയൂർ: ഇടുക്കി മറയൂരിൽ കാട്ടാന പടയപ്പയുടെ ആക്രമണത്തിൽ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു. ഇടുക്കിയെ സ്കൂൾ വാർഷിക കലാപരിപാടികൾക്കായി മേകപ്പ് ചെയ്യാനെത്തിയ മേക്കപ്പ് ആർട്ടിസ്റ്റായ തൃശൂർ ആമ്പല്ലൂർ സ്വദേശിയ ദിൽജ ബിജുവിനാണ് (39) പരിക്കേറ്റത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദിൽജയുടെ ഇടുപ്പെല്ല് ഒടിഞ്ഞെന്നും നട്ടെല്ലിൽ രണ്ട് പൊട്ടലുകളുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൂന്നാർ-മറയൂർ റോഡിലെ വാഗവരെയിൽ വെച്ചാണ് ആക്രമണം.
കൂടെയുണ്ടായിരുന്ന മകൻ ബിനിൽ (19) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11.30ന് തൃശൂരിൽ നിന്ന് ബൈക്കിലെത്തിയ ഇവർ പടയപ്പയുടെ മുന്നിൽപെടുകയായിരുന്നു.
രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ദിൽജ റോഡിൽ വീണു. പാഞ്ഞടുത്ത പടയപ്പ തൊളിലെ ബാഗിൽ കൊമ്പുകൊണ്ട് കുത്തി ഉയർത്തി തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
പ്രദേശവാസികൾ ബഹളം വെച്ചതിനെ തുടർന്നാണ് ആന തേയിലത്തോട്ടത്തിലേക്ക് മടങ്ങിയത്. പരിക്കേറ്റ ദിൽജയെ ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലേക്കും മാറ്റുകയായിരുന്നു.
പടയപ്പ എന്ന കാട്ടാന മദപ്പാടിലായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർ. വാച്ചർമാരാണ് പ്രധാനമായി മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മറയൂർ–മൂന്നാർ റോഡിൽ രണ്ട് വാഹനത്തിന് നേരെ പടയപ്പ പാഞ്ഞടുത്തു.
കഴിഞ്ഞദിവസം രാത്രി 10നു ടെംപോ ട്രാവലർ ഭാഗികമായി തകർത്തു. രണ്ട് ആഴ്ച മുൻപ് മൂന്നാറിൽ നിന്ന് മറയൂരിലേക്ക് വരുന്നതിനിടെ മറയൂർ സ്വദേശികളുടെ വാഹനത്തിന് നേരെ നേരെ പാഞ്ഞടുത്തു. മറയൂർ മൂന്നാർ റോഡിൽ രാത്രികാലങ്ങളിൽ ഇറങ്ങുന്ന പടയപ്പ കന്നിമല, നയമക്കാട്, തലയാർ, പാമ്പൻമല, കാപ്പിസ്റ്റോർ മേഖലയിൽ കണ്ടുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

