ഇടുക്കുംമുഖം വനത്തിലെ മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം
text_fieldsബാബു
പാലോട് (തിരുവനന്തപുരം): വനത്തിൽ കണ്ടെത്തിയ പെരിങ്ങമ്മല പഞ്ചായത്ത് മടത്തറ ശാസ്താംനട വലിയപുലിക്കോട് ചതുപ്പില്‍ ബാബുവിന്റെ (50) മരണം കാട്ടാന ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചു. ഇടുക്കുംമുഖം വനത്തില്‍ കഴിഞ്ഞ ദിവസമാണ് ബാബുവിന്റ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു.
പാലോട് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ചത്. ജോലിക്കു പോയ ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംനടയില്നിന്ന് ജോലിക്കായി അടിപറമ്പിലേക്ക് വനത്തിനുള്ളിലൂടെയുള്ള വഴിയിലൂടെയാണ് ബാബു നടന്നുപോയത്. ഇതിനിടയിലാകാം കാട്ടാന ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നു. കഴുത്തില്‍ ആനയുടെ ചവിട്ടേറ്റ പാടുണ്ട്. വാരിയെല്ലുകള്‍ പൊട്ടിപുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ശാസ്താംനടയിലെ വീട്ടില്‍ നിന്ന് പണിക്ക് അടിപ്പറമ്പിലുള്ള ബന്ധുവീട്ടിലേക്ക് വന്നത്. ബാബു അടിപറമ്പിലെത്തിയില്ലെന്നറിഞ്ഞാണ് ഞായറാഴ്ച ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് കുളത്തൂപ്പുഴ വനം റെയിഞ്ച് പരിധിയില്‍പെട്ട ഏരൂര്‍ ബീറ്റിലെ ഇടുക്കന്മുഖം എന്ന വനമേഖലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രധാന പാതയില്‍നിന്ന് എട്ട് കിലോമീറ്ററിലധികം വനത്തിനുള്ളിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെയാണ് കുളത്തപ്പുഴ റേഞ്ച് ഓഫിസര്‍ ആര്.പി. അരുണ്‍, പാലോട് എസ്.ഐമാരായ ശ്രീനാഥ്, റഹീം എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ശോഭനയാണ് ബാബുവിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

