കണമലയിലെ കാട്ടുപോത്ത് ആക്രമണം: ആശങ്ക വേണ്ടെന്ന് വനംവകുപ്പ്
text_fieldsകോട്ടയം: കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയെന്നും ആശങ്ക വേണ്ടെന്നും വനം വകുപ്പ്. നാട്ടുകാർ ഭീതിയിൽ തുടരേണ്ട സാഹചര്യമില്ല. കാട്ടുപോത്ത് ഏതെങ്കിലും കാരണം കൊണ്ട് മടങ്ങിവരുകയായിരുന്നുവെങ്കിൽ വെള്ളിയാഴ്ച രാത്രി തന്നെ തിരികെയെത്തുമായിരുന്നു. ഇതുവരെ തിരികെ വന്നിട്ടില്ലെന്നും കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് പറഞ്ഞു.
കാട്ടുപോത്തിനെ വനം വകുപ്പ് വെള്ളിയാഴ്ച തന്നെ ട്രാക്ക് ചെയ്യാന്‍ നോക്കിയിരുന്നു. എന്നാൽ, കണ്ടെത്താൻ കഴിഞ്ഞില്ല. അപകടകാരിയായ മൃഗത്തെ ജനവാസമേഖലയിൽനിന്ന് മാറ്റുകയെന്നതാണ് ലക്ഷ്യം.
കൊന്നുമാറ്റണമെന്ന് നിർബന്ധമില്ല. കാട്ടുപോത്തിനെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനങ്ങളില്‍ എവിടേക്കെങ്കിലും മാറ്റാനാണ് തീരുമാനം. കാട്ടുപോത്തുകള്‍ കൂടുതലുള്ള മേഖലയാകും ഇതിനായി തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.