പയ്യന്നൂർ: പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ തട്ടി 16 കാട്ടുപന്നികളും നിരവധി വിഷപ്പാമ്പുകളും ഉരഗ ജീവികളും ചത്തു. ചെറുതാഴം സെൻറർ കാരക്കുനിയിലാണ് സംഭവം. വർഷങ്ങളായി ആൾത്താമസമില്ലാത്ത ഇല്ലപ്പറമ്പിലാന്ന് വൈദ്യുതിക്കമ്പി പൊട്ടിവീണത്. ദിവസങ്ങളോളം ആരും അറിഞ്ഞില്ല. ദുർഗന്ധംമൂലം സമീപത്തെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് അടുത്ത പറമ്പിൽ നിരവധി കാട്ടുപന്നികൾ ചത്ത് അഴുകിയതായി കണ്ടത്. ചത്തതിൽ ചേര, മൂർഖൻ തുടങ്ങിയ പാമ്പുകളും ഉണ്ട്.
കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫ് ആക്കി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അര ഏക്കറോളം വരുന്ന പറമ്പിൽ പല സ്ഥലങ്ങളിലായും സമീപത്തുള്ള കൃഷി ഇറക്കാത്ത വയലിലും നിരവധി ജീവജാലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. മൂർഖൻ, ചേനത്തണ്ടൻ, ഉടുമ്പ്, മുതലായവ ഉൾെപ്പടെ ഉണ്ടായിരുന്നു.
പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥരെത്തി അന്വേഷിച്ചു. ഷോക്കേറ്റാണ് മൃഗങ്ങൾ മരിച്ചതെന്ന് കണ്ടെത്തി. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ കൊണ്ടുവന്ന് വലിയ കുഴിയെടുത്താണ് പന്നികളെയും പാമ്പുകളെയും മറവു ചെയ്തത്. വർഷങ്ങളായി ആൾതാമസം ഇല്ലാത്തതിനാൽ കാടുപിടിച്ച പ്രദേശം വന്യജീവികളുടെ വിഹാരകേന്ദ്രമാണ്.