Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്യമൃഗങ്ങളുടെ...

വന്യമൃഗങ്ങളുടെ ആക്രമണം: ഇരകളെ സഹായിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് പ്രതിപക്ഷം, ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മന്ത്രി

text_fields
bookmark_border
kerala assembly
cancel

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങളെ സഹായിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

നഷ്ടപരിഹാരത്തിന് മോട്ടോർ ആക്സിഡന്‍റ് ക്ലെയിം മാതൃകയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. സംസ്ഥാനത്തെ വനാതിർത്തികളിൽ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണിത്. ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം 125 പേരുടെ ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല. ആക്രമിക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന തരത്തിൽ നിയമം മാറ്റണം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക യോഗം വിളിക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവതരമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ സഭയിൽ വ്യക്തമാക്കി. വന്യജീവികളെ വെടിവെച്ച് കൊല്ലുന്നത് പരിഹാരമല്ല. പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യും. വന്യജീവി സംരക്ഷണമാണ് വനം വകുപ്പിന്‍റെ പ്രധാന കടമ. വന്യജീവി-മനുഷ്യ സംഘർഷത്തിന് വകുപ്പ് ഇതുവരെ പ്രാധാന്യം നൽകിയിരുന്നില്ല. ആവശ്യമായ നടപടികൾ നിലവിൽ തുടങ്ങിയിട്ടുണ്ട്. സോളാർ വേലിയും കിടങ്ങും നിർമ്മിക്കാൻ ശ്രമിക്കുകയാണ്. ആക്രമണ മേഖലയിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഫണ്ടിന്‍റെ പരിമിതിയുള്ളതിനാൽ നഷ്ടപരിഹാരം എങ്ങനെ വിതരണം ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കണം. 22 കോടിയാണ് ആകെ ഫണ്ട്. ഇതിൽ നിന്നാണ് ഒരു ശതമാനം നഷ്ടപരിഹാരമായി കൊടുക്കേണ്ടത്. വിഷയത്തിൽ ഇടപെടാൻ വനം വകുപ്പിന് പരിമിതിയുണ്ടെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും വനം മന്ത്രി വ്യക്തമാക്കി.

വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും ജീവനോപധികളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. വന്യജീവികളെ സംരക്ഷിക്കണം. എന്നാല്‍, മനുഷ്യ ജീവിതവും കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച് കേരളത്തിന്‍റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുത്താതെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണം. ഇതിനായി സി.സി.എഫിന്‍റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണ് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള മൂലകാരണം. വനാതിര്‍ത്തികളില്‍ വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃഷിരീതി മാറ്റുന്നതിനെ കുറിച്ചും ആലോചിക്കണം. പരമ്പരാഗതമായ ആനത്താരകള്‍ സംരക്ഷിക്കാനും കുടിവെള്ള സ്രോതസ് വനത്തിനുള്ളില്‍ സജ്ജീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ടാക്കണം.

വന്യജീവി ആക്രമണം തടയാനുള്ള സമഗ്രമായ പദ്ധതികളോ ആവശ്യമായ പണമോ വനം വകുപ്പിനില്ലെന്നാണ് മന്ത്രി പറയുന്നത്. വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണം. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടലുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ വാക്കൗട്ട് ഒഴിവാക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വനം മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എന്നാൽ, വിഷയത്തിൽ വനം മന്ത്രി ഉറപ്പുനൽകിയതിനാൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild animal attackkerala Assembly
News Summary - Wild Animal Attack: Opposition in the Assembly demanded special arrangements to help the victims
Next Story