വന്യജീവി ആക്രമണം: സംസ്ഥാനവുമായി കേന്ദ്രം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിസങ്കീർണ നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്. ഇത് ലഘൂകരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയാറാകുന്നില്ല.
കേന്ദ്രത്തിന്റെ നിലപാട് കാരണമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയാത്തത്. കൺമുന്നിലെ യാഥാർഥ്യങ്ങൾ കാണാതെ വസ്തുതകളെ വക്രീകരിച്ച് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊതുജന പങ്കാളിത്തത്തോടെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ്സ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം വന്യജീവി ആക്രമണം മൂലം ജീവഹാനി നേരിട്ട കുടുംബങ്ങളിൽ 95 ശതമാനം പേർക്കും നഷ്ടപരിഹാരം നൽകി. കേന്ദ്രത്തിൽ നിന്ന് തുച്ഛമായ തുക മാത്രമാണ് ഇതിന് ലഭിക്കുന്നത്. വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളി.
സംസ്ഥാനത്ത് 400ഓളം പഞ്ചായത്തുകളിൽ വന്യജീവി ആക്രമണ ഭീഷണിയുണ്ട്. ഇതിൽ 30 പഞ്ചായത്തുകൾ തീവ്ര വന്യജീവി ആക്രമണം നേരിടുന്നു. പ്രശ്നം നേരിടുന്ന എല്ലാ പഞ്ചായത്തുകളിലും സഹായ ഡെസ്കുകൾ തുടങ്ങും. ആദ്യഘട്ടത്തിൽ പഞ്ചായത്തുതലത്തിൽ പരിഹരിക്കേണ്ടത് അവിടെത്തന്നെ പരിഹരിക്കും. ജില്ലതലത്തിൽ പരിശോധിക്കേണ്ട വിഷയങ്ങൾക്ക് എം.എൽ.എമാരടക്കം പങ്കാളികളായി രണ്ടാം ഘട്ടത്തിൽ പരിഹാരം കാണും.
മൂന്നാം ഘട്ടത്തിൽ സംസ്ഥാനതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ പരിശോധിക്കും. സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള പ്രശ്നങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രൈമറി റെസ്പോണ്‍സ് ടീമുകളുടെ പ്രവര്‍ത്തനോദ്ഘാടനം, മുതിര്‍ന്ന സര്‍പ്പ വളന്റിയര്‍ വിദ്യാരാജുവിനെ ആദരിക്കല്‍, സര്‍പ്പ രണ്ടാംഘട്ടം ഉദ്ഘാടനം, സര്‍പ്പ പാഠം കൈപ്പുസ്തക പ്രകാശനം, വനാതിര്‍ത്തിയിലെ സ്മാര്‍ട്ട് വേലി പദ്ധതി പ്രഖ്യാപനം, ജനവാസ മേഖലകളിലെ നാടന്‍ കുരങ്ങുകളുടെ ശാസ്ത്രീയ പുനരധിവാസവും നിയന്ത്രണവും പ്ലാന്‍ പുറത്തിറക്കല്‍, ഇക്കോ-ടൂറിസം മൊബൈല്‍ ആപ് പ്രകാശനം, ആറളം ശലഭഗ്രാമത്തിന്റെ പ്രഖ്യാപനം, ഗോത്രഭേരി രണ്ടാം ഘട്ടം ഉദ്ഘാടനം, അരണ്യം പ്രകാശനം എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

