ഗർഭധാരണത്തിന് ഐ.വി.എഫ് ചികിത്സക്കായി ഭാര്യ; യുവാവിന് പരോൾ അനുവദിച്ച് ഹൈകോടതി
text_fieldsകൊച്ചി: ഗർഭധാരണത്തിനുള്ള ഐ.വി.എഫ് ചികിത്സക്കായി ഭാര്യയുടെ ഹരജിയിൽ യുവാവിന് പരോൾ അനുവദിച്ച് ഹൈകോടതി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂർ വടക്കേക്കാട് സ്വദേശി ഉണ്ണിക്ക് അവധി അനുവദിക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ശിക്ഷ അനുഭവിക്കുന്ന പ്രതി ഭരണഘടന നൽകുന്ന എല്ലാ മൗലികാവകാശങ്ങൾക്കും അർഹനല്ലെങ്കിലും തങ്ങൾക്കൊരു കുട്ടി വേണമെന്ന ആഗ്രഹത്തിൽ 31കാരിയായ ഭാര്യതന്നെ ഹരജിയുമായി വന്ന സാഹചര്യത്തിൽ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ആവശ്യം തള്ളാനാവില്ലെന്ന് കോടതി വിലയിരുത്തി. കുറഞ്ഞത് 15 ദിവസത്തെ അവധി അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജയിൽ ഡി.ജി.പിക്ക് നിർദേശം നൽകി.
2012ൽ ഇരുവരും വിവാഹിതരായതാണെങ്കിലും കുട്ടികളുണ്ടായില്ല. 2016ലാണ് ഉണ്ണിയെ രാഷ്ട്രീയ കൊലപാതക കേസിൽ വിചാരണ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഇത് ഹൈകോടതിയും ശരിെവച്ചതിനെ തുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഗർഭധാരണ ചികിത്സക്കായി ഭർത്താവിന് പരോൾ ആവശ്യപ്പെട്ട് ഹരജിക്കാരി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കും ജയിൽ ഡി.ജി.പിക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ചികിത്സരേഖകളടക്കം ഹാജരാക്കിയിരുന്നു. സമാന ആവശ്യത്തിൽ രാജസ്ഥാൻ ഹൈകോടതിയും കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചും തടവുശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് പരോൾ അനുവദിച്ചതും ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിമിനൽ കേസുകളിൽ പ്രതികളെ ശിക്ഷിക്കുന്നത് അവരുടെ പരിവർത്തനം ലക്ഷ്യമിട്ടാണെന്ന് കോടതി പറഞ്ഞു. തടവ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരെപ്പോലെ അന്തസ്സായി ജീവിക്കാൻ അയാൾക്ക് അർഹതയുണ്ട്. കുറ്റവാളിയെന്ന നിലയിൽനിന്ന് മാറ്റം വന്ന മനുഷ്യനായി കാണാനാണ് സമൂഹവും ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി, തുടർന്നാണ് പരോൾ അനുവദിച്ചത്. എന്നാൽ, ഈ ഉത്തരവ് കീഴ്വഴക്കമായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

