മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്‍റെ മർദനം; രക്ഷപ്പെടാൻ അർധരാത്രിയിൽ യുവതി മകളുമായി വീട് വിട്ടോടി
text_fieldsതാമരശ്ശേരി: കോഴിക്കോട് അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിലായ ഭർത്താവിന്‍റെ ക്രൂരമർദനത്തിൽ നിന്ന് രക്ഷപ്പെടാനായി യുവതി മകളുമായി അർധരാത്രി വീട് വിട്ടോടി. ചൊവ്വാഴ്ച രാത്രിയിലാണ് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്‍റെ ക്രൂരമർദനത്തിന് ഇരയായത്.
മയക്കുമരുന്ന് ലഹരിയിൽ വീടിനുള്ളിൽവെച്ച് തലക്കും ദേഹത്തും ക്രൂരമായി മർദിച്ച ഭർത്താവ് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സജ്ന പറയുന്നു. കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ശ്രമിച്ചതെന്നും യുവതി പറയുന്നു.
രണ്ട് ദിവസം മുമ്പ് കടന്നൽക്കുത്തേറ്റ മകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്ക് ശേഷം ഇന്നലെ രാത്രിയാണ് മകളുമായി വീട്ടിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഭർത്താവിന്‍റെ ആക്രമണം.
ഭർത്താവിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയെയും മകളെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തലക്ക് പിന്നിലേറ്റ ശക്തമായ അടിയെ തുടർന്ന് സജ്ന ഛർദിച്ചിരുന്നു. സ്കാനിങ്ങിന് ശേഷം വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി സജ്നയുടെയും മകളുടെയും പ്രാഥമിക മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ തുടർനടപടി സ്വീകിരക്കുമെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

