കൂടോത്തമ്മൽ-വേലിയമ്പം റോഡ് നിർമാണത്തിൽ വ്യാപക ക്രമക്കേട്
text_fieldsകാലപ്പഴക്കത്താൽ കലുങ്കിന്റെ അടിഭാഗം ദ്രവിച്ച് കമ്പി പുറത്തെത്തിയ നിലയിൽ
പനമരം: പി.ഡബ്ല്യു.ഡി കൽപറ്റ സബ് ഡിവിഷനിലെ കൂടോത്തുമ്മൽ- നെല്ലിയമ്പം-വേലിയമ്പം റോഡ് പ്രവൃത്തിയിൽ വ്യാപക ക്രമക്കേടുകളും അപാകതകളും ഉള്ളതായി പരാതി. നാല് കോടി രൂപ ചിലവഴിച്ച് നിർമിക്കുന്ന 3.450 കി. മീറ്റർ റോഡിൽ കാലപ്പഴക്കമുള്ള കലുങ്കുകൾ അതേപടി നിലനിർത്തുകയും മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ഓവുചാൽ നിർമിക്കുകയോ ചെയ്യാതെ 12 അടി വീതിയിൽ റോഡ് ടാറിങ് നടത്തുകയാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
12 അടി വീതികൂടാതെ രണ്ടു വശങ്ങളിലായി രണ്ടടി വീതം കോൺക്രീറ്റ് ചെയ്ത് റോഡ് പണി പൂർത്തിയാക്കാനാണ് കരാറുകാരനും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. കലുങ്ക് പൊളിച്ചുപണിയാതെ റോഡ് നിർമാണം പൂർത്തിയാക്കിയാൽ അപകടത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലപ്പഴക്കം കൊണ്ട് കലുങ്കിന്റെ അടിഭാഗം ദ്രവിച്ച് കമ്പി പുറത്തേക്ക് കാണുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കലുങ്ക് തകർന്നു അപകടത്തിന് കാരണമാകുമെന്നാണ് ആരോപണം. ജെ.സി.ബി ഉപയോഗിച്ച് ഇപ്പോൾ റോഡ് നിരത്തുന്നത് അശാസ്ത്രീയമായും റോഡിന്റെ അലൈൻമെന്റ് പാലിക്കാതെയുമാണെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.
റോഡ് പ്രവൃത്തിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും നേരിട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും നിഷേധാത്മക സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ്മന്ത്രി, എം.എൽഎ, കലക്ടർ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ, പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: ശരീഫ് അക്കാട്ട് (കൺ.), സി.കെ. രാജൻ, കെ. ഗഫൂർ (ജോ. കൺ.), സി.എം. ജയേഷ് (ചെയർ.), ടി.ജെ. ജിജോ, എ.കെ. നൗഫൽ (വൈസ് ചെയർ.), സി.കെ. കുഞ്ഞിമൂസ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

