ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു..!; കോടതി ഉത്തരം തേടിയത് ഈ ചോദ്യങ്ങള്‍ക്ക്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിടാനുള്ള സാഹചര്യം സംബന്ധിച്ച് വിധിപ്രസ്താവം വന്നതുമുതല്‍ പല രീതിയിയിലുള്ള വ്യാഖ്യാനങ്ങൾ പ്രചരിച്ചിരുന്നു. അന്തിമ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ ഇതിൽ വ്യക്തതയായി.
കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് പത്തിലേറെ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് ദിലീപും മഞ്ജു വാര്യരും തമ്മിലെ വിവാഹബന്ധം തകരാന്‍ കാരണക്കാരിയെന്നാരോപിച്ച്, നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയായിരുന്നോ എന്നതാണ്.
ദിലീപും മുഖ്യ പ്രതി പള്‍സര്‍ സുനിയും നടത്തിയതായി പറയുന്ന ഗൂഢാലോചനയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞോ, ദിലീപും നടിയും തമ്മില്‍ ശത്രുതയുള്ളതായി തെളിയിക്കാനായോ, പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷനായി ഒന്നര കോടി രൂപയുടെ ഡീല്‍ ഉണ്ടാക്കിയതിനും പണം നല്‍കിയെന്ന് പറയുന്നതും തെളിയിക്കാന്‍ കഴിഞ്ഞോ, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ ഒന്നും നാലും പ്രതികള്‍ എത്തിയത് തെളിയിക്കാന്‍ കഴിഞ്ഞോ, കേസില്‍ ബന്ധമില്ലെന്ന് തെളിയിക്കാന്‍ ആലുവ അന്‍വര്‍ ഹോസ്പിറ്റലില്‍ ദിലീപ് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന ആരോപണം തെളിയിക്കാന്‍ സാധിച്ചോ, 16.04.2017ന് സംവിധായകന് ബാലചന്ദ്രകുമാറും ദിലീപും തമ്മില്‍ തിരുവനന്തപുരത്തുവെച്ച് സംഭാഷണം നടന്നതും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ദീലീപിന്റെ വീട്ടില്‍വെച്ച് കണ്ടുമുട്ടിയെന്നും പറയുന്നത് തെളിയിക്കാന്‍ കഴിഞ്ഞോ, ദിലീപിന്റെ വീട്ടില്വെച്ച ദിലീപ് അടക്കമുള്ളവര്‍ നടിയുടെ നഗ്ന ദൃശ്യങ്ങള്‍ ലാപ്ടോപ്പില്‍ പരിശോധിച്ചെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞോ, കേസിലെ 15 ാം പ്രതി ദിലീപിന് ആക്രമണ ദൃശ്യങ്ങള്‍ കൈമാറിയതായി തെളിയിക്കാനായോ, ക്വട്ടേഷന്‍ പിന്നില്‍ ഒരു യുവതിയായിരുന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.
എന്നാല്‍, ദിലീപിനെ കേസുമായ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു തരത്തിലുള്ള തെളിവുകളും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുമായില്ല. ഇത് നശിപ്പിക്കപ്പെട്ടെങ്കില്‍ അത് അന്വേഷിച്ചതു സംബന്ധിച്ചും കൃത്യമായ ഉത്തരം പ്രോസിക്യൂഷനുണ്ടായില്ല. കൂടാതെ, ദിലീപും പള്‍സര്‍ സുനിയും തമ്മിലെ ബന്ധം തെളിയിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഹാജരാക്കാനും സാധിച്ചില്ല.
പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചനയുടെ ഭാഗമായി പല സ്ഥലങ്ങളിലായി കണ്ടുമുട്ടിയതായി പറയുന്നുണ്ടെങ്കിലും ഇതിനൊന്നും തെളിവ് ഉണ്ടായിരുന്നില്ലല്ല. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട സംഭവം 2022ലാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇത് വിചാരണയെ ബാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

