പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സി.പി.എം അവരുടെ യുവജന-വിദ്യാര്‍ഥി സംഘടനകളിലെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂരിലെ എസ്.എഫ്.ഐ ജില്ല സെക്രട്ടറി ഒരു പ്രിന്‍സിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്റെയും മുന്നില്‍ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തര മന്ത്രിക്കസേരയില്‍ ഇരിക്കുന്നത്? കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവ് വിമുക്ത ഭടന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. എറണാകുളത്ത് എസ്.എഫ്.ഐ ജില്ല സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്റെ കൈയൊടിച്ചു.
ഇപ്പോഴൊരാള്‍ മുട്ടുകാൽ തല്ലിയൊടിക്കാന്‍ നടക്കുകയാണ്. ഇവരൊക്കെ എല്ല് സ്‌പെഷലിസ്റ്റുകളാണോ? അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ പാര്‍ട്ടി അണികള്‍ കുതിര കയറുമ്പോള്‍ നടപടിയെടുക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് ലജ്ജയില്ലേയെന്നും സതീശൻ ചോദിച്ചു.