20 വർഷമായിട്ടും ഗ്യാനേഷിനെതിരെ നടപടി എടുക്കാത്തതെന്തെന്ന് ബിജെപി: ‘എം.കെ. മുനീറിനെ ഗ്യാനേഷിന്റെ കൂട്ടുപ്രതി ആക്കണം’
text_fieldsബി.ബി. ഗോപകുമാർ, ഗ്യാനേഷ് കുമാർ, എംകെ മുനീർ
തിരുവനന്തപുരം: കെ.എസ്.ടി.പി കേസിലെ മലേഷ്യൻ എൻജിനീയർ ലീ സീ ബെനിന്റെ ആത്മഹത്യയിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ, അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന എംകെ മുനീറിനെ കൂട്ടുപ്രതിയാക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ. 20 വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുക്കാത്തതിന് വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെ വിവിധ സർക്കാരുകളിൽ സുപ്രധാന ചുമതല വഹിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാർ. യുപിഎ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വകുപ്പിലും അദ്ദേഹം പ്രധാനചുമതല വഹിച്ചിരുന്നു. ആവശ്യമായ ക്ലിയറൻസുകളും വിവിധഘട്ടങ്ങളിൽ ലഭിച്ചിട്ടുണ്ട്. ഇത്രയും കാലം കണ്ടെത്താൻ കഴിയാതിരുന്ന കാര്യങ്ങൾ ഇപ്പോൾ പെട്ടെന്ന് കണ്ടെത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കണം. സംഭവത്തിൽ അന്ന് മന്ത്രിയായിരുന്ന എം കെ മുനീറിന്റെ പങ്കിനെപ്പറ്റിയും പരാതി പൂഴ്ത്തി വെച്ച തുടർ സർക്കാരുകളെപ്പറ്റിയും അന്വേഷണം നടത്തണം.
ഇഡി നൽകിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ സർക്കാർ സ്വീകരിച്ച നടപടികളും തേടിയ നിയമോപദേശങ്ങളും പുറത്തുവിടണം. വിജിലൻസ് അന്വേഷണം നടത്തേണ്ട വിഷയത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനുള്ള നീക്കം സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഗ്യാനേഷ് കുമാറായാലും പിണറായി വിജയനായാലും എം.കെ. മുനീറായാലും നിയമത്തിന് മുന്നിൽ വരണം. നിയമനടപടികളിൽ ഇരട്ടനീതി പാടില്ല. 20 വർഷം പഴക്കമുള്ള കേസിൽ ഇപ്പോൾ അന്വേഷണം നടത്തുമ്പോൾ ബന്ധപ്പെട്ട എല്ലാവരെയും ഒരേ മാനദണ്ഡത്തിൽ പരിശോധിക്കണം.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസം പിന്നിട്ടിട്ടും ജനങ്ങൾക്ക് ലഭിച്ച ഭരണനേട്ടം എന്താണെന്ന ചോദ്യത്തിന് സർക്കാരിന് മറുപടി നൽകാനില്ല. ആകെ നേട്ടമുണ്ടായത് മുസ്‍ലിം ലീഗിന് മാത്രമാണ്. അവർക്ക് ആറ് ക്യാബിനറ്റ് പദവികൾ ലഭിച്ചു
വൈദ്യുതി പ്രതിസന്ധി, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, പകർച്ചവ്യാധികളെ നേരിടുന്നതിലെ ആശങ്കകൾ എന്നിവയാണ് ജനങ്ങൾ നേരിടുന്നത്. സെപ്റ്റംബറിൽ കെഎംഎസ്‌സിഎൽ ഗോഡൗണുകളിലെ മരുന്ന് ക്ഷാമവും പുനർടെൻഡർ നടപടികളിലെ കാലതാമസവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് വൈദ്യുതിയും മരുന്നും വിലക്കയറ്റത്തിൽ ആശ്വാസവും വേണം.
ജനക്ഷേമ തീരുമാനങ്ങൾക്ക് പകരം മുന്നണി രാഷ്ട്രീയത്തിലെ അധികാരം പങ്കുവെക്കൽ മാത്രമാണ് നടക്കുന്നത്. 21 അംഗ മന്ത്രിസഭയിൽ മുസ്‍ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ട്. അതിന് പുറമെ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി കാബിനറ്റ് റാങ്കോടെ നിയമിച്ചതോടെ ആറാമത്തെ കാബിനറ്റ് റാങ്കും ലഭിച്ചു.
നിലപാടുകളുടെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം സംവിധാനങ്ങൾ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ നിലപാട്. കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയുടെ നിയമനത്തെയും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി അദ്ദേഹം എതിർത്തിരുന്നു.
എന്നാൽ അധികാരത്തിലെത്തിയപ്പോൾ അന്ന് എതിർത്ത അതേ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാന് കാബിനറ്റ് റാങ്ക് നൽകുകയും കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയെ നിയമിക്കുകയും ചെയ്തു. വി.ഡി. സതീശന്റെ നിലപാടുകൾ ഇന്ന് എവിടെയാണ്? അധികാരത്തിലെത്തുമ്പോൾ നിലപാടുകൾ മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്.
കൊടിയുടെ നിറത്തിൽ മാത്രമാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. പൊതുഖജനാവിനെ ബാധിക്കുന്ന തീരുമാനങ്ങളിലും ജനവിരുദ്ധ നടപടികളിലും ഇരു സർക്കാരുകളും തമ്മിൽ വ്യത്യാസമില്ല. രണ്ടും ഒന്നുതന്നെ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പുതുയുഗ കേരളം വാഗ്ദാനം ചെയ്ത സർക്കാർ അഞ്ച് മാസം പിന്നിട്ടപ്പോൾ ജനങ്ങൾക്ക് മുന്നിൽവെക്കാൻ കഴിയുന്നത് എന്താണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം. കേരളത്തിന്റെ അടിസ്ഥാന ജനകീയ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും ബി.ബി. ഗോപകുമാർ എംഎൽഎ ആരോപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട കെ.എസ്.ടി.പി കേസിലെ മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് അന്ന് തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കും മറ്റൊരു വ്യക്തിക്കും കത്തുകൾ നൽകിയിരുന്നതായും കേരളത്തിൽ ഒരു കാര്യം നടക്കണമെങ്കിൽ ചില പ്രത്യേക രീതികൾ പാലിക്കണമെന്നതടക്കമുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നതായി അന്നത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നുവെന്നും മുനീർ പറഞ്ഞു.
എന്നാൽ, എന്തുകൊണ്ടാണ് വിഷയത്തിൽ കൃത്യമായ അന്വേഷണം മുന്നോട്ടുപോകാൻ വൈകിയതെന്ന് അറിയില്ല. അന്നത്തെ സർക്കാർ തന്നെയാണ് ഇക്കാര്യം പരിശോധിക്കേണ്ടിയിരുന്നത്. സംഭവത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ കേരളത്തിൽനിന്ന് മാറ്റുകയും അദ്ദേഹം പിന്നീട് കേന്ദ്ര സർവിസിലേക്ക് പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യാക്കുറിപ്പും സംഭവത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്നും മുനീർ പറഞ്ഞു.
അന്നത്തെ അന്വേഷണങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന നിലപാടുകൾ ഉണ്ടായിരുന്നുവെങ്കിലും, ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തലപ്പത്തുള്ള ഗ്യാനേഷ് കുമാർ വീണ്ടും പൊതുചർച്ചയിൽ വന്നതോടെയാണ് പഴയ സംഭവങ്ങളും ചർച്ചയാകുന്നത്. ഇപ്പോഴത്തെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് വിവരങ്ങൾ നൽകാനാകില്ല. താൻ അന്ന് ഭരണത്തിന്റെ ഭാഗമായിരുന്നില്ല. ആത്മഹത്യാക്കുറിപ്പ് പോലും നേരിട്ട് കണ്ടിട്ടില്ല. വിജിലൻസും പൊലീസും അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെയെന്നും അന്വേഷണം നടക്കുമ്പോൾ സഹകരിക്കാൻ തയ്യാറാണെന്നും മുനീർ വ്യക്തമാക്കി. തന്നെ ലക്ഷ്യമിട്ട് അന്നുണ്ടായ നടപടികൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും മുനീർ ആരോപിച്ചു. എന്നാൽ ആത്മഹത്യ നടന്നതിന് ശേഷമുള്ള നടപടികളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ടി.പി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മലേഷ്യൻ കമ്പനിയുടെ ഉദ്യോഗസ്ഥനെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും കമ്പനികളുമായുള്ള ഇടപാടുകളിൽ തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നും മുനീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

