വലിയ ദുരന്തമുണ്ടായിട്ടും വായ്പ തിരിച്ചടക്കാൻ നിർബന്ധമെന്തിന്? -ബാങ്കുകളോട് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: വലിയ ദുരന്തമുണ്ടായിട്ടും വയനാട്ടിലെ ഉരുൾപൊട്ടൽ ഇരകളുടെ പേരിലുള്ള വായ്പ തിരിച്ചടക്കാൻ നിർബന്ധിക്കുന്നതിന്റെ കാരണം ബാങ്കുകൾ വ്യക്തമാക്കണമെന്ന് ഹൈകോടതി. വായ്പകൾ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്ന് ബാങ്കുകളെ കേസിൽ കക്ഷിചേർത്താണ് ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്. വായ്പ പൂർണമായോ ഭാഗികമായോ എഴുതിത്തള്ളാനാവുമോയെന്നും ബാങ്കുകൾ സത്യവാങ്മൂലത്തിലൂടെ നിലപാട് അറിയിക്കണം.
കേന്ദ്രസർക്കാർ നിയന്ത്രിത ബാങ്കുകളിൽ 21 കോടി രൂപയുടെ വായ്പയാണ് ദുരന്തബാധിതരുടെ പേരിലുള്ളത്. കേരള ബാങ്ക് നൽകിയ വായ്പ ഇതിനകം എഴുതിത്തള്ളിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്ന് സ്വമേധയാ എടുത്ത ഹരജിയിൽ കോടതിയാണ് വായ്പ എഴുതിത്തള്ളണമെന്ന നിർദേശം നേരത്തേ മുന്നോട്ടുവെച്ചത്. പലതവണ ആവശ്യപ്പെട്ടപ്പോഴും എഴുതിത്തള്ളുന്നതിലെ പരിമിതി സംബന്ധിച്ചാണ് കേന്ദ്രം മറുപടി നൽകിയത്. തുടർന്നാണ് വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാട് ബുധനാഴ്ച കേന്ദ്രം അറിയിച്ചത്.
ഭരണഘടനാപരമായ പ്രാധാന്യം മനസ്സിലാക്കാത്ത ഉദ്യോഗസ്ഥരാണ് ബാങ്ക് വായ്പസംബന്ധിച്ച് സത്യവാങ്മൂലം നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ ധാർഷ്ട്യമാണ് ഇതിൽ പ്രകടമാകുന്നത്. ഇതിങ്ങനെ അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ വ്യത്യസ്ത അധികാര സ്തംഭങ്ങളെക്കുറിച്ചും ഭരണഘടനാപരമായ ധാർമികതയെക്കുറിച്ചും അവബോധം വേണം. കേന്ദ്രത്തിനെതിരെ കോടതി ഉത്തരവിടാത്തത് മഹാമനസ്കതയാണ്. ഭരണഘടനയെ ബഹുമാനിക്കുകയെന്നത് സർക്കാറിന്റെയും ധർമമാണ്. ആര് ആരെയാണ് വിഡ്ഢിയാക്കാൻ നോക്കുന്നത്. എങ്ങനെ പ്രവർത്തിക്കണമെന്ന് കോടതിക്കറിയാം. അതിന് കേന്ദ്രസർക്കാറിന്റെ ഔദാര്യം ആവശ്യമില്ല. അതുപോലെ സർക്കാറും അതിന്റെ അധികാരം ഉപയോഗിച്ച് പ്രവർത്തിക്കണമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

