‘എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും?’; വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡ്ഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. എന്തൊരു അവസ്ഥയാണിത്? ഒരു മകനെയാണ് നിങ്ങളുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പുമെന്നും അദ്ദേഹം ചോദിച്ചു.
അഞ്ചു വര്‍ഷം മുമ്പാണ് വയനാട്ടില്‍ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ചത്. ഇന്ന് മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. എന്ത് സുരക്ഷയാണ് നമ്മുടെ സ്‌കൂളുകളിലുള്ളത്? ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാറും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം. ക്ലാസ് മുറിയില്‍ പത്തു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നതാണ്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാറും പൊതുവിദ്യാഭ്യാസ വകുപ്പും തയാറായില്ല.
തേവലക്കര സ്‌കൂളില്‍ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. അതിനു താഴെയാണ് സൈക്കില്‍ ഷെഡ്ഡ് നിര്‍മിച്ചിരിക്കുന്നത്. ക്ലാസ് മുറിയിലെ ജനലിലൂടെയാണ് മിഥുന്‍ സൈക്കിള്‍ ഷെഡ്ഡിന്റെ മേല്‍ക്കൂരയിലേക്ക് ഇറങ്ങിയത്. ഷോക്കേറ്റ ശേഷം വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായെന്നും ആരോപണമുണ്ട്. ഇത്രയും അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ട്.
ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലും. എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. ചോദിക്കാനും പറയാനും ഇവിടെ ഒരു സര്‍ക്കാറില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും പിന്‍വാതില്‍ നിയമനങ്ങളിലും മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധ.
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണം. ഇത്തരം അനാസ്ഥ സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

